അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ആശുപത്രി നിർവഹണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അസി. സർജൻ, സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അക്കൗണ്ടന്റുകൾ, ഒ.പി അസിസ്റ്റന്റുമാർ, ബൈ സ്റ്റാൻഡർമാർ, റേഡിയോഗ്രാഫർമാർ മറ്റ് ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവരെയാണ് പിരിച്ചുവിടപ്പെട്ടത്. കരാർ പ്രകാരം 179 ദിനങ്ങൾ പൂർത്തിയായതിനെ തുടർന്നുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.
ജോലിയിൽ പ്രവേശിച്ച് രണ്ടുമാസം മാത്രം പൂർത്തിയാക്കിയവരും പിരിച്ചുവിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം, പിരിച്ചുവിട്ട ജീവനക്കാരിൽ ചിലരെ എൻ.എച്ച്.എം വഴി തിരികെ എടുത്തിട്ടുണ്ട്. ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.