മണ്ണാർക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടലുകൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ തുടങ്ങിയ എൻ.എ.ബി.എൽ അംഗീകാരത്തോടെയുള്ള ആർ.ടി.പി.സി.ആർ ലാബെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. സഹകരണ മേഖലയിൽ സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമാണിത്. പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ ശ്രമിക്കും. സഹകരണ മേഖലയിൽ ആർ.ടി.പി.സി.ആർ ലാബെന്ന് ആശയത്തിന് തുടക്കമിട്ട മണ്ണാർക്കാട് റൂറൽ ബാങ്കിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ആർ.ടി.പി.സി.ആർ ലാബിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുൻ എം.എൽ.എ പി.കെ. ശശി ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സുരേഷ് അദ്ധ്യക്ഷനായി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം റജിസ്ട്രാർ പി.ബി. നൂഹ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാതരംഗിണി വായ്പ പദ്ധതിയുടെ വിതരണം സഹകരണ സംഘം പാലക്കാട് ജോയിന്റ് റജിസ്ട്രാർ എം.ശബരിദാസൻ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ഫായിദ ബഷീർ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി. ഡോ. കെ.എ. കമ്മാപ്പ,ഡോ. ഷിഹാബുദ്ദീൻ, മദർ കെയർ ഹോസ്പിറ്റൽ എം.ഡി ഷാജി മുല്ലപ്പള്ളി, ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് രമ സുകുമാരൻ, അരുൺ കുമാർ, യു.ടി.രാമകൃഷ്ണൻ, പാലോട് മണികണ്ഠൻ, കെ.ജി.സാബു പങ്കെടുത്തു.
സിക്ക വൈറസ്, കൊവിഡ് മൂന്നാം തരംഗം ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് ആരംഭിച്ച ആർ.ടി.പി.സി.ആർ ലാബ് പാലക്കാട് ജില്ലയ്ക്കാകെ ആശ്വാസം നൽകും.- ഡോ. കെ.എ. കമ്മാപ്പ