വടക്കഞ്ചേരി: പാലക്കുഴിയിലെ മലമുകളിൽ ശക്തി കുറഞ്ഞ ഡിറ്റനേറ്ററുകൾ കണ്ടെത്തി. നാല് സെന്റീമീറ്റർ നീളമുള്ള ഏഴെണ്ണമാണ് വടക്കഞ്ചേരി സി.ഐ: എം. മഹേന്ദ്രസിംഹൻ, എസ്.ഐ: എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെടുത്തത്. നാട്ടുകാരായ ചിലർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തുമടയുടെ മുകളിലെ പാറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് സി.ഐ പറഞ്ഞു. കാലപ്പഴക്കമുള്ള സാധാരണ ഡിറ്റനേറ്ററാണ്.
പാലക്കുഴിയിലെ വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ മംഗലം ഡാമിന്റെ മുകൾ പ്രദേശങ്ങളായ ഇവിടേക്ക് കയറി പോകാറുണ്ട്. ദൂരെ നിന്നുള്ള ചില സംഘങ്ങൾ വൈകിട്ട് വന്ന് കുന്നിൻമുകളിൽ രാത്രി തങ്ങി പിറ്റേന്നാണ് തിരിച്ചു പോവുക. വെള്ളച്ചാട്ടത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാറി വലിയ കുന്നിൻപുറമാണിത്.
മൃഗവേട്ട ലക്ഷ്യംവച്ചും രാത്രി തങ്ങുന്നവരുണ്ട്. ഇക്കൂട്ടത്തിലുള്ളവർ ഉപേക്ഷിച്ചതാകും കണ്ടെടുത്ത ഡിറ്റനേറ്ററുകളെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ എക്സ്‌പ്ലോസീവ് കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വനംവകുപ്പും സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.