light-and-sound

കേരളത്തിൽ മൂന്നുലക്ഷത്തോളം പേരുടെ ഉപജീവനമാർഗമാണ് ലൈറ്റ് ആന്റ് സൗണ്ട് തൊഴിൽ മേഖല. കൊവിഡിനെ തുടർന്ന് സംസ്ഥാനം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങിയതിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഈ മേഖല സ്തംഭനാവസ്ഥയിലാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രംഈ മേഖലയിൽ നിന്നുള്ള അഞ്ചുപേർ ജീവനൊടുക്കിയെന്ന് ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കഴിഞ്ഞയാഴ്ച പാലക്കാട് നഗരത്തിലെ വെണ്ണക്കര സ്വദേശി പൊന്നുമണി ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. തൊഴിലില്ലായ്മയും അനുദിനം വർദ്ധിക്കുന്ന കടബാദ്ധ്യതകളുമാണ് പൊന്നുമണിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പൊന്നുമണിക്ക് മുമ്പ് ജീവിതം അവസാനിപ്പിച്ച തിരുവനന്തപുരം സ്വദേശികളായ ജംഷാദ്, നിർമൽ ചന്ദ്രൻ, ആലപ്പുഴ സ്വദേശികളായ ശ്രീകുമാർ, മനോജ് എന്നിവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് മറ്റൊന്നല്ല. വർദ്ധിച്ച കടബാദ്ധ്യതകളും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും തന്നെയാണ്. മാസങ്ങളായി ഉപജീവനത്തിന്റെ വെളിച്ചവും ശബ്ദവും നഷ്ടമായ മനുഷ്യരുടെ ജീവിതത്തിന്റെ ഇരുട്ടകറ്റാൻ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. അതിനിയും വൈകും തോറും പൊന്നുമണിയുടെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കും.

പൊന്നുമണിയുടെ ആത്മഹത്യ യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് അശാസ്ത്രീയ നിയന്ത്രണങ്ങൾ നീളുമ്പോൾ ഉപജീവനം നഷ്ടമാകുന്നവരുടെ ദുരിതങ്ങളിലേക്കാണ്. ലോക്ക് ഡൗണിൽ ആദ്യം നിശ്ചലമായ തൊഴിൽ മേഖലകളിലൊന്നാണ് ലൈറ്റ് ആന്റ് സൗണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ നമ്മുടെ സംസ്ഥാനം സ്വീകരിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും അതിൽ തിരുത്തലുകൾ വേണമെന്നും ആരോഗ്യമേഖലയിലേതുൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവരുമ്പോഴാണ് പൊന്നുമണിയുടെ ആത്മഹത്യ. ലൈറ്റ് ആന്റ് സൗണ്ട്, പന്തൽ വർക്ക്, ലോട്ടറി തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, മിനി ബസ് - സ്കൂൾ ബസ് തൊഴിലാളികൾ തുടങ്ങി ഈ കാലത്ത് ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. ഈ ജീവിതങ്ങളെ കരയ്ക്കെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ക്രിയാത്മക വിമർശനങ്ങളെ ഉൾക്കൊണ്ട് പ്രാദേശിക നിയന്ത്രണങ്ങളിൽ അടക്കം അനിവാര്യമായ മാറ്റങ്ങൾ നടപ്പാക്കണം.

2018ലും 19ലും പ്രളയം വരുത്തിവച്ച കനത്ത നഷ്ടങ്ങളിൽ നിന്ന് ലൈറ്റ് ആന്റ് സൗണ്ട് മേഖല ഒരുവിധം കരകയറി വരുമ്പോഴായിരുന്നു പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കൊവിഡിന്റെ വരവ്. സാമൂഹിക ഇടപെടലുകളിൽ ഇനിയുള്ള കാലങ്ങളിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളും ഈ മേഖലയിലുള്ളവരെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.

സാധാരണ നവംബർ മുതൽ ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലുള്ളവർക്ക് ബിസിനസു തുടങ്ങും. ഏപ്രിൽ, മെയ് മാസമാകുമ്പോൾ തിരക്കേറും. ആ ബിസിനസ് ജൂൺ, ജൂലൈ മാസത്തിൽ കുറച്ചൊന്ന് താഴുമെങ്കിലും ഓണക്കാലമെത്തുമ്പോൾ വീണ്ടും സജീവമാകും. കല്യാണം, ഗാനമേള, നാടകം, ഉത്സവം, രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾ, അല്ലാതെയുള്ള സമ്മേളനങ്ങൾ, കോൺഫറൻസുകൾ എന്നിങ്ങനെ എല്ലാദിവസവും എന്തെങ്കിലും പരിപാടിയുടെ ശബ്ദവും വെളിച്ചവും നൽകുക എന്നത് കേരളത്തിലെ ദൈനംദിന പരിപാടിയായിരുന്നു. എന്നാൽ കൊവിഡും ലോക്ക് ഡൗണും ഈ മേഖലയ്ക്ക് ഏല്‌പിച്ച ആഘാതം വളരെ വലുതാണ്.

18,000 ഓണേഴ്‌സ് അംഗങ്ങളായിട്ടുള്ള സംഘടനയാണ് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ. രണ്ടേ മുക്കാൽ ലക്ഷത്തോളം തൊഴിലാളികളുമുണ്ട്. ചുരുക്കത്തിൽ മൂന്ന് ലക്ഷം പേർ കേരളത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ്. എന്നാൽ അവരിലൊരാൾക്ക് പോലും കഴിഞ്ഞ കുറേ മാസങ്ങളായി വരുമാനമില്ല. ചെറിയ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പോലും കുറഞ്ഞത് മൂന്ന് മുതൽ ഏഴ് ജീവനക്കാർ വരെയുണ്ടാകും. വലിയ സ്ഥാപനങ്ങളിൽ 50ലധികം തൊളിലാളികളുണ്ടാകും.

ഇടയ്ക്ക് തിരഞ്ഞെടുപ്പ് സമയത്ത് തൊഴിൽ ലഭിച്ചെങ്കിലും പിന്നീട് വന്ന കൊവിഡ് രണ്ടാം തരംഗം വീണ്ടും ഈ മേഖലയെ തളർത്തിയെന്ന് ലെറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഉപകരണങ്ങളെല്ലാം നശിച്ചുപോകുകയാണ്. ചെറിയ രീതിയിലെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ എല്ലാ പൊതുപരിപാടികൾക്കും അനുമതി നൽകണമെന്നാണ് അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. ജനപ്രതിനിധികൾക്ക് ഈ മേഖലയിലെ പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ടുള്ള കത്ത് സംഘടന നൽകിയിരുന്നെങ്കിലും

ക്ഷേമനിധിയിൽ ഇല്ലെന്ന കാരണം പറഞ്ഞ് സർക്കാർ സഹായങ്ങൾ തങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം. ബാക്ക്‌ സ്റ്റേജ് കലാകാരന്മാർ എന്ന നിലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1000 രൂപ ലഭിച്ചു. ഇത്തവണ അതുമുണ്ടായില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

സംസ്ഥാനത്തെ ടി.പി.ആർ അഞ്ചിൽ താഴെയെത്തുകയും ജനങ്ങൾക്കിടയിലെ സാമൂഹ്യ അകലം ഇല്ലാതാവുകയും ചെയ്യുന്നൊരു കാലത്തുമാത്രമേ ഈ മേഖല ഇനി ചലനാത്മകമാവൂ. വലിയ പലിശയ്ക്ക് വായ്പയെടുത്തും കടം വാങ്ങിയും സ്ഥാപനം നടത്തിപ്പോകുന്നവരാണ് ഈ മേഖലയിലെ ഭൂരിഭാഗം പേരും. തുടർച്ചയായി തൊഴിൽ ലഭ്യമാകാത്തതുമൂലം സ്പീക്കർ, ലൈറ്റ് തുടങ്ങിയ പല ഉപകരണങ്ങളും നശിച്ചുപോകുകയും ഉപയോഗശൂന്യമാവുകയും ചെയ്‌തത് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ പൊതുപരിപാടികൾക്ക് അനുമതി നൽകുക, മരിച്ചവരുടെ കുടുംബത്തിന് അർഹിക്കുന്ന ധനസഹായം നൽകുക, കടങ്ങൾ എഴുതിത്തള്ളുക, പലിശരഹിത വായ്പകൾ ലഭ്യമാക്കുക എന്നിവയാണ് ഈ മേഖലയിലെ തൊഴിലാളികൾ സർക്കാരിന് മുന്നിലേക്ക് വയ്ക്കുന്ന ആവശ്യങ്ങൾ. ഇനിയും ഈ ശബ്ദങ്ങൾ നിലയ്ക്കാതിരിക്കാൻ ജീവിതത്തിന്റെ വെളിച്ചം നഷ്ടമാകാതിരിക്കാൻ സർക്കാർ ഇടപെടുമെന്നു തന്നെ പ്രതീക്ഷിക്കാം.