പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിന് പിറകെ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇടവിട്ട നിയന്ത്രണങ്ങളെ കൂടാതെ കഴിഞ്ഞ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ അനുവദിച്ച ഇളവും രോഗവ്യാപനം വർദ്ധിപ്പിച്ചതായാണ് കണക്കുകൾ നൽകുന്ന സൂചന.
കഴിഞ്ഞ വെള്ളിയാഴ്ച ലോക്ക് ഡൗൺ ഇളവിനു ശേഷം ശനിയാഴ്ച ജില്ലയിൽ 1140 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. 11.25% ആയിരുന്നു രോഗനിരക്ക്. ശനിയാഴ്ച നിയന്ത്രണത്തിനുശേഷം ഞായറാഴ്ച രോഗബാധിതർ 925 ആയി കുറഞ്ഞെങ്കിലും ടി.പി.ആർ 12.10% ആയി. തിങ്കളാഴ്ച കൊവിഡ് ബാധിതർ 846ഉം ടി.പി.ആർ 13.21 ശതമാനമായിരുന്നു. ചൊവ്വാഴ്ച 1237 രോഗബാധിതരും ടി.പി.ആർ 14.2 ശതമാനമായും ഉയർന്നു. ബുധനാഴ്ച രോഗ ബാധിതരുടെ എണ്ണം വീണ്ടും കൂടി, 1394 പേർ. എന്നാൽ ടി.പി.ആർ 13.21 ശതമാനമായിരുന്നു.
കഴിഞ്ഞയാഴ്ച രോഗനിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അഞ്ചു ശതമാനത്തിൽ താഴെ അഞ്ചു പഞ്ചായത്തുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ആഴ്ച അത് രണ്ടു പഞ്ചായത്തുകളായി കുറഞ്ഞു. 15% ലേറെ ടി.പി.ആർ ഉള്ള പഞ്ചായത്തുകളുടെ എണ്ണം കഴിഞ്ഞാഴ്ച 32 ആയിരുന്നത് ഈയാഴ്ച 39 ആയിട്ടുണ്ട്.
ഇടവിട്ട നിയന്ത്രണത്തിനൊപ്പം ഇളവുകളും കൂടി വന്നതാണ് കൊവിഡ് വ്യാപന നിരക്ക് കൂട്ടിയതെന്നാണ് വിലയിരുത്തൽ. കൊവിഡ് വ്യാപനം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന വീണ്ടും ശക്തമാക്കി. അനുമതിയില്ലാതെ തുറക്കുന്ന കടകൾ അടപ്പിക്കും. ഡി കാറ്റഗറിയിൽ അവശ്യസർവീസ് അല്ലാത്ത കടകൾക്ക് തുറക്കുന്നത് തടയാൻ പാലക്കാട് അടക്കമുള്ള പ്രധാന നഗരങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ടി.പി.ആർ കുറയുന്നില്ല;
ചെർപ്പുളശ്ശേരിയിൽ കർശന നിയന്ത്രണം
ചെർപ്പുളശ്ശേരി: പ്രതിദിന രോഗനിരക്ക് കൂടിയ നഗരസഭയിൽ ഇന്നു മുതൽ കർശന നിയന്ത്രണം. ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർകമ്മറ്റി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയിലെ കണക്കുപ്രകാരം 21.3% ആണ് ടി.പി.ആർ.
കഴിഞ്ഞ രണ്ടാഴ്ചയായി ഡി കാറ്റഗറിയിലാണ് നഗരസഭ. നിയന്ത്രണങ്ങളോടൊപ്പം പരിശോധനകളും കർശനമാക്കും. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് രണ്ട് വരെ തുറക്കാൻ മാത്രമാണ് അനുമതി. ഹോട്ടലുകൾക്ക് ഉച്ചയ്ക്ക് 2 വരെയും തുടർന്ന് വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറിയും തുടരാം. 15 ദിവസം കൂടുമ്പോൾ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം. ആരോഗ്യ വകുപ്പിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലും 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം തുടരുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ലെന്നത് ആശങ്കാജനകമാണ്.
- പി. രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ