ചെർപ്പുളശ്ശേരി: പ്രതിദിന രോഗനിരക്ക് കൂടിയ നഗരസഭയിൽ ഇന്നു മുതൽ കർശന നിയന്ത്രണം. ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർകമ്മറ്റി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയിലെ കണക്കുപ്രകാരം 21.3% ആണ് ടി.പി.ആർ.
കഴിഞ്ഞ രണ്ടാഴ്ചയായി ഡി കാറ്റഗറിയിലാണ് നഗരസഭ. നിയന്ത്രണങ്ങളോടൊപ്പം പരിശോധനകളും കർശനമാക്കും. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് രണ്ട് വരെ തുറക്കാൻ മാത്രമാണ് അനുമതി. ഹോട്ടലുകൾക്ക് ഉച്ചയ്ക്ക് 2 വരെയും തുടർന്ന് വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറിയും തുടരാം.
15 ദിവസം കൂടുമ്പോൾ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം. ആരോഗ്യ വകുപ്പിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലും 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം തുടരുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ലെന്നത് ആശങ്കാജനകമാണ്.
- പി. രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ