മണ്ണാർക്കാട്: ദേശീയ പാതയിൽ കല്ലടിക്കോട് മാപ്പിള സ്‌കൂൾ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിലിറങ്ങിയ ടിപ്പർ ലോറി ലീഫ്‌ പൊട്ടി നിയന്ത്രണം തെറ്റുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിനോട് ചേർന്നുള്ള മതിലിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. രണ്ട് ദിവസം മുൻപ് ഓട്ടോറിക്ഷയും കുഴിയിലിറങ്ങി അപകടത്തിൽപ്പെട്ട് അഞ്ച് വയസുകാരി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. റോഡിലെ കുഴിയിൽ മഴ വെള്ളം നിറഞ്ഞ അപകടാവാസ്ഥ അറിയാതെ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയാണ്.

അധികൃതർ അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥയിലുള്ള കുഴി നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ഉണ്ടായത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാണെന്നാണ് നാട്ടുകാരുടെ ആരോപണം.