അഗളി: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്തുകാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി നിർവഹിക്കും. എൻ. ഷംസുദ്ദീൻ എം.എൽ.എ. അദ്ധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും.
12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. അതിർത്തി കടന്നു വരുന്ന മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധനയിലൂടെ തിരിച്ചറിയുകയാണ് ചെക്ക് പോസ്റ്റ് ലക്ഷ്യം. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെക്ക്‌പോസ്റ്റിൽ വാക്‌സിനേഷൻ ഇയർ ടാഗിംഗും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം പുതിയ ഓഫീസ് തുറക്കുന്നതോടെ കൂടുതൽ സൗകര്യമാവും.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബീനമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകൻ. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.