പാലക്കാട്: കൊവിഡ് വ്യാപന സാഹചര്യത്തിലും മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലുറപ്പ് പദ്ധതി സാധാരണക്കാർക്ക് കൈതാങ്ങാകുന്നു. കൊവിഡ് മൂലം മറ്റ് തൊഴിൽ സാദ്ധ്യതകൾ മുടങ്ങിയതോടെ നിരവധി പേർക്കാണ് നിലവിൽ പദ്ധതി ആശ്രയമാകുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ 3,728 കുടുംബങ്ങൾക്കാണ് പുതിയ തൊഴിൽ കാർഡ് നൽകിയത്.
ഇതിൽ കൂടുതലും യുവാക്കളാണ്. 18നും 30നും മദ്ധ്യേ പ്രായമുള്ള 2,270 പേർക്ക് തൊഴിൽ ലഭ്യമാക്കി. ജില്ലയിൽ ആകെ 2,10,414 കുടുംബങ്ങളാണ് സജീവമായി തൊഴിലുറപ്പ് പദ്ധതിയിലുള്ളത്.
ലോക്‌ഡൗണിനു ശേഷമാണ് തൊഴിലുറപ്പ് പദ്ധതി യുവാക്കളെ ഏറെ ആകർഷിച്ചത്. പദ്ധതിയിൽ ഏപ്രിൽ മുതൽ ജൂലായ് കഴിഞ്ഞദിവസം വരെ ജില്ലയിൽ 67,256 കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി. ആകെ 6,97,146 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. അവിദഗ്‌ദ്ധ വേതനയിനത്തിൽ 23.76 കോടിയും വിദഗ്‌ദ്ധ- അർദ്ധവിദഗ്‌ദ്ധ വേതനമായി 9.74 കോടി രൂപയുമാണ് നൽകിയത്. അസംസ്‌കൃത വസ്‌തുക്കൾക്കായി 46.01 കോടി രൂപയുമാണ് ചെലവായത്. 291രൂപയാണ് നിലവിലെ കൂലി.
കഴിഞ്ഞവർഷം ലോക്ഡൗൺ തുടങ്ങിയശേഷം പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. ജലസേചന കനാലുകൾ ശുചിയാക്കുന്ന ജോലികൾ നിലവിൽ ജില്ലയിൽ തുടങ്ങിയിട്ടില്ല. പഞ്ചായത്തുകളും ജലസേചന വകുപ്പും ചേർന്ന് ഇതിനായി ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കളക്‌ടറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
കുളം, തോട്, നീർച്ചാലുകൾ എന്നിവയുടെ നവീകരണം, മഴക്കാലപൂർച്ച ശുചീകരണം, പശു തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയുടെ നിർമ്മാണം, കൃഷിയിടങ്ങൾ ഒരുക്കൽ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സജീവമായാണ് നടക്കുന്നത്. ജോലി ചെയ്യുന്നവർക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങൾ നൽകുന്നുക്ക്. ശാരീരിക അകലം പാലിക്കുന്നുണ്ടോയെന്ന പരിശോധയും ഉറപ്പാക്കുന്നുണ്ട്.
- കെ.അമൃത, ജില്ലാ എൻജിനിയർ, എൻ.ആർ.ഇ.ജി.എസ്.