.ആദ്യരണ്ടു ദിവസം പങ്കെടുത്തത് രണ്ടുപേർ

പാലക്കാട്: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തങ്ങൾക്കു പിന്നാലെ ഡ്രൈവിംഗ് ടെസ്റ്റുകൾക്കും തുടക്കം. കൊവിഡ് സാഹചര്യത്തിൽ ടി.പി.ആർ അനുസരിച്ച് ജില്ലയിലെ ആറ് താലൂക്കുകളിലെ ആലത്തൂരിൽ മാത്രമാണ് ടെസ്റ്റ് ആരംഭിക്കാനായത്. 22 മുതൽ ആരംഭിച്ച ടെസ്റ്റിൽ ആദ്യ രണ്ടുദിവസങ്ങളിലായി രണ്ടുപേർ മാത്രമാണ് പങ്കെടുത്തതെന്ന് ആർ.ടി.ഒ അധികൃതർ പറഞ്ഞു.

ടി.പി.ആർ ഉയർന്നതിനെ തുടർന്ന് പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകളിൽ 28 വരെ ഡ്രൈവിംഗ് പരീക്ഷ ഉണ്ടാവില്ല. പുതിയ ലൈസൻസിനു അപേക്ഷിച്ചവർക്കാണ് വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചത്. ഒരു താലൂക്കിൽ 40 പേർക്കു മാത്രമാണ് അവസരം.

രാവിലെ എട്ടു മുതൽ പത്തുവരെയും പത്തു മുതൽ പന്ത്രണ്ടുവരെയുമായി 20 പേർ വീതമടങ്ങുന രണ്ടു ബാച്ചുകളായാണ് ടെസ്റ്റ്. ജില്ലയിൽ രണ്ടായിരത്തോളം പേരാണ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. നേരത്തെ തീയ്യതി ലഭിച്ചവരുടേത് റദ്ദാക്കി. പുതിയതായി ലൈസൻസ് എടുക്കുന്നവർ, നേരത്തെ ടെസ്റ്റ് തോറ്റവർ, ലേണേഴ്സ് ലൈസൻസ് കാലാവധി തീരാറായവർ എന്നിവർക്ക് പ്രത്യേകം സ്ലോട്ടുകളാണ് സൈറ്റിലുള്ളത്. ഇതനുസരിച്ചാണ് തീയ്യതി തെരഞ്ഞെടുക്കേണ്ടത്.

സ്ലോട്ട് ബുക്ക്‌ ചെയ്യാനുള്ള സൗകര്യങ്ങൾ mvd.kerala.gov.in, parivahan.gov.in എന്നീ സൈറ്റുകളിൽ നിന്ന് ലഭ്യമാകും.

-നിലവിൽ ആരംഭിച്ച ആലത്തൂർ താലൂക്കിൽ തിങ്കളാഴ്ച മുതൽ ടെസ്റ്റ് സജീവമാകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരിശീലനങ്ങൾ നടക്കുക.

ഓരോരുത്തരുടെയും ടെസ്റ്റിനുശേഷം സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, കണ്ണാടി, സ്വിച്ചുകൾ, വാതിൽപ്പിടി എന്നിവ അണുവിമുക്തമാക്കും.

- സി. മോഹനൻ, ജോയിന്റ് ആർ.ടി.ഒ പാലക്കാട്.