പാലക്കാട്: ഓണത്തിന് തീയേറ്ററുകൾ തുറക്കാമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീയേറ്റർ ഉടമകൾക്ക് സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്താത്തത് തിരിച്ചടിയാകുന്നു. ആഗസ്റ്റ് 12ന് മോഹൻലാലിന്റെ ചിത്രം 'കുഞ്ഞാലിമരയ്ക്കാർ' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങുന്നതിന് കാത്തിരിക്കുന്നത്.

കൊവിഡ് കാലത്തെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾക്ക് ഓണക്കാലത്തെ വരുമാനം നിലവിലെ പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും. എന്നാൽ തീയറ്ററുകൾ തുറക്കുമോയെന്ന ആശങ്കയ്ക്കു പുറമെ, കർശന നിയന്ത്രണം ജനങ്ങളെ അകറ്റുമോയെന്ന ഭീതിയും ഉടമകളെ ആശങ്കയിലാക്കുന്നു.

കൊവിഡ് ഒന്നാം തരംഗത്തിനു ശേഷം തിയറ്ററുകൾ പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ രണ്ടാംതരംഗത്തെ തുടർന്ന് അടച്ചിടേണ്ടി വന്നു. നിലവിൽ ഘട്ടഘട്ടമായി നിയന്ത്രണം പിൻവലിച്ച് ഓരോ മേഖലകളും തുറന്നു വരുന്നതിനിടെയാണ് ജില്ലയിൽ കൊവിഡ് വ്യാപനവും ടി.പി.ആറും കൂടിവരുന്നത്.

വ്യാപനത്തെ തുടർന്ന് കഴിഞ്ഞദിവസം നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സർക്കാർ നിർദ്ദേശംകൂടി വന്നതോടെ വീണ്ടും കുരുക്കിലായിരിക്കുകയാണ് മേഖല.


.ദുരിതത്തിലായി ജീവനക്കാർ

തീയറ്റർ അടച്ചിട്ടതിനെ തുടർന്ന് ഉടമകൾക്കൊപ്പം ജില്ലയിലെ നിരവധി ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പല ജീവനക്കാരും ജീവിതമാർഗം കണ്ടെത്തുന്നതിന് മറ്റു വഴികൾ തേടിപോയി. ശേഷിച്ച ജീവനക്കാരാകട്ടെ തീയറ്ററുകൾ തുറക്കാനുള്ള കാത്തിരിപ്പിലാണ്. കൂടാതെ തീയറ്റുകൾ പ്രവർത്തിക്കാത്തതിനാൽ പ്രൊജക്ടറുകൾ, സ്‌ക്രീനുകൾ, ശബ്ദ സംവിധാനങ്ങൾ, സീറ്റുകൾ എന്നിവയ്ക്കു കേടുപാടുകൾ സംഭവിച്ചു തുടങ്ങി. ഇനിയും അടച്ചിടൽ തുടർന്നാൽ മേഖലകൂടുതൽ പ്രതിസന്ധിയിലാകും.


രോഗവ്യാപനം പ്രതീക്ഷകൾ ഇല്ലാതാക്കുന്നു. ഉപകരണങ്ങൾ കേടുവരാതിരിക്കാൻ നിലവിൽ നാലുദിവസം കൂടുമ്പോൾ തീയറ്ററുകൾ പ്രവർത്തനക്ഷമമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. തീയറ്ററുകൾക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. അടച്ചിട്ട കാലയളവിലെ നികുതിയിനത്തിലുള്ള ഇളവുകൾ നൽകുക, വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജ്ജ് ഒഴിവാക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങൾ നടപ്പിലാക്കി തീയേറ്ററുകൾ നിലനിർത്താൻ അനുവദിക്കണം.

- സുന്ദർരാജ്, അരോമ തീയേറ്റർ ഉടമ, പാലക്കാട്.