bridge

അഗളി: അട്ടപ്പാടി മേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് പുഴ കരകവിഞ്ഞ് ചെമ്മണൂർ പാലത്തിന്റെ കൈവരികൾ തകർന്നു. കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള ഗതാഗതം ഏറെ അപകടകരമായിരിക്കുകയാണ്. അഗളി, പുതൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെമ്മണൂർ - പന്നിയൂർപടി ഭാഗത്തുള്ള പാലമാണിത്. കഴിഞ്ഞവർഷം കൈവരിയില്ലാത്തതിനാൽ ഈ പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും ഡ്രൈവറും മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് താൽക്കാലികമായൊരു കൈവരി സ്ഥാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

ഇവിടെ നിന്നും 50 മീറ്റർ മാത്രം അകലെയാണ് ചെമ്മണൂർ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അമ്പതോളം കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമാണ് ഈ പാലം, മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മേഖല കൂടിയാണിത്. അതീവ പ്രാധാന്യമുള്ള ചെമ്മണ്ണൂർ ഫോറസ്റ്റ് സ്‌റ്റേഷന്റെ കവാടമായ ഈ പാലം ഉയരം കൂട്ടി പുനർനിർമ്മിക്കണമെന്ന വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം സർക്കാർ അടിയന്തരമായി ഇടപെട്ട് നടപ്പാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.