covid

പാലക്കാട്: ജില്ലയിൽ പ്രതിദിന രോഗനിരക്ക് (ടി.പി.ആർ) വർദ്ധിച്ചതോടെ ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിക്കുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധവിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞാഴ്ച ടി.പി.ആർ പത്തിൽ താഴെ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 18ന് മുകളിലാണ്. ശനിയാഴ്ച 17.59 ആയി കുറഞ്ഞെവെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തിൽ നിന്ന് രോഗനിരക്ക് കുത്തനെ ഉയർന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് വ്യാപനം തടഞ്ഞില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ഇത് കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിക്കുന്നത്. പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) പല തദ്ദേശ സ്ഥാപനങ്ങളിലും കാര്യക്ഷമമല്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രോഗപരിശോധനയ്ക്ക് എത്താനും ആളുകൾ മടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ രോഗവ്യാപനത്തിന് തടയിടാൻ ജില്ലാ ഭരണകൂടം പുതുവഴി തേടുകയാണ്. നേരത്തെ 35 രോഗികൾ ഉണ്ടെങ്കിൽ മാത്രമാണ് വാർഡുകളെ കണ്ടെയിൻമെന്റ് സോൺ ആക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 25 രോഗികളുണ്ടെങ്കിൽ വാർഡ് പൂർണമായി അടച്ചിടാനാണ് തീരുമാനം.

പനിയോ മറ്റു അസുഖങ്ങളായോ എത്തിയാൽ രോഗികളെ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധമായും വിധേയമാക്കണമെന്നും സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് സ്‌പെഷ്യൽ ഓഫീസറെയും സർക്കാർ നിയമിച്ചിട്ടുണ്ട്.

യാക്കര സ്വദേശിയായ ഡോ. ജി.ആർ. ഗോകുലിനാണ് പ്രത്യേക ചുമതല. ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം കുറയ്ക്കുകയും രോഗ വ്യാപനരീതി മനസിലാക്കി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനാണ് സ്‌പെഷ്യൽ ഓഫീസറുടെ തീരുമാനം.