ചിറ്റൂർ: ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക ബി.ജെ.പി നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ബി.ജെ.പിയുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒലുവപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം മോഹനൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിൻ, മോഹനൻ, അനീഷ് എന്നിവർക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി 8.30 ഓടെ ഒലുവ പാറ ജംഗ്ഷനു സമീപം നിൽക്കുകയായിരുന്ന വിനോദിനെയും സുഹൃത്ത് വിഘ്‌നേനേഷിനെയും കാറിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ചിറ്റൂർ നിയോജക മണ്ഡലത്തിൽ വർഷങ്ങളായി ആർ.എസ്.എസ് - ബി.ജെ.പി ഭിന്നത രൂക്ഷമാണ്. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ തന്നെ പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇരു വിഭാഗങ്ങളും സംഘർഷത്തിൽ ഏർപ്പെട്ടതോടെ കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തിയിരുന്നു.