പാലക്കാട്: ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് സ്വകാര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എം.പിയെയും മുൻ എം.എൽ.എ വി.ടി. ബലറാമിനെയും ചോദ്യം ചെയ്‌ത യുവാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തുടർന്ന് വധഭീഷണിയും മുഴക്കി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭക്ഷണ വിതരണക്കാരനായ സനൂഫ് എം.പിയോട് കാര്യം തിരക്കി. താൻ ബിരിയാണി പാഴ്‌സൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ മറുപടി നൽകി. പാഴ്‌സൽ എടുക്കേണ്ടവർ പുറത്താണ് നിൽക്കേണ്ടതെന്നും എം.പിക്കെന്താണ് പ്രത്യേകതയെന്നും സനൂഫ് തിരിച്ച് ചോദിച്ചു.
തുടർന്ന് യുവാവിനൊപ്പം രമ്യയും ബൽറാമും പുറത്തിറങ്ങി. അതിനിടെയാണ് ഇവർക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപും സംഘവും യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ചത്. ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോ എടുത്തശേഷം കോൺഗ്രസ് പ്രവർത്തകർ വധഭീഷണി മുഴക്കി. യുവാവെടുത്ത വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോട്ടലിനെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കസബ പൊലീസ് കേസെടുത്തു.