tuition

പാലക്കാട്: കൊവിഡ് മഹാമാരി മൂലം രണ്ടു വർഷത്തോളമായി ട്യൂഷൻ സെന്ററുകൾ അടഞ്ഞതോടെ മേഖലയിലെ അദ്ധ്യാപകരും ഉടമകളും ദുരിതത്തിൽ. നിരവധി പേർക്ക് കൈത്താങ്ങായിരുന്ന ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം കഴിഞ്ഞ അദ്ധ്യയന വർഷം നാലു മാസം മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ കൊവിഡ് ഭീതിമൂലം മിക്ക സെന്ററുകളും ഭാഗികമായാണ് പ്രവർത്തിച്ചത്. തുടർന്ന് രണ്ടാം തരംഗം വന്നതോടെ വീണ്ടും തിരിച്ചടിയായി.

സർക്കാർ - സ്വകാര്യ സ്കൂളുകളിലെയും അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസിലൂടെ ശമ്പളം ലഭിക്കുമ്പോഴും അത്തരം സംവിധാനം ട്യൂഷൻ സെന്ററുകളിലെ അദ്ധ്യാപകർക്ക് ഇല്ല. സെന്ററുകളിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപകരിൽ പലരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരാണ്. ഇവരിൽ പലരും പിടിച്ചുനിൽക്കാനായി ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും കൃത്യമായി ഫീസ് ലഭിക്കാത്തതിനാൽ അതും നിലച്ചു.

പാരലൽ കോളേജുകളും ദുരിതത്തിൽ

രണ്ടാം തരംഗത്തിന്റെ ഭാഗമായി അടച്ചിടൽ വന്നതോടെ പാരലൽ കോളേജുകളിലെ സ്ഥിതി വീണ്ടും രൂക്ഷം. പല കോളേജുകളിലും ഈ വർഷം പ്രവേശനം നടന്നിട്ടേയില്ല. വലിയ കെട്ടിടവാടക, വൈദ്യുതിനിരക്ക് എന്നിവ നൽകി പ്രവർത്തിച്ചിരുന്ന പാരലൽ കോളേജുകളും ട്യൂഷൻ സെന്ററുകളും കടുത്ത പ്രതിസന്ധിയിലാണ്. ശമ്പളം കിട്ടാതെ മിക്ക അദ്ധ്യാപകരും പിരിഞ്ഞുപോയി. കുട്ടികൾ തുടക്കത്തിൽ കാണിച്ച താത്പര്യം പിന്നീട് കുറഞ്ഞതാണ് ഉടമകൾക്ക് തിരിച്ചടിയായത്. നിലവിൽ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ ആശങ്കയിലാണ് ഉടമകളും അദ്ധ്യാപകരും.

പാരലൽ കോളേജിന്റെയും ട്യൂഷൻ സെന്റർ പ്രവർത്തനം ഒരുമിച്ച് നടത്താൻ തുടങ്ങിയിട്ട് 50 വർഷത്തോളമായി. ഇത്തരം പ്രതിസന്ധി നേരിടുന്നത് ആദ്യമായാണ്. പത്ത് അദ്ധ്യാപകരാണ് ആകെയുള്ളത്. രണ്ടുവിഭാഗങ്ങളിലായി 300 ഓാളം വിദ്യാർത്ഥികളും ഉണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷനും പ്ലസ് വൺ, പ്ലസ് ടു, ബി.എ, ബി.കോ പാരലൽ ക്ലാസുകളുമാണ് നടത്തിയിരുന്നുത്. നിലവിൽ പാരലൽ ക്ലാസുകളിലെ മിക്ക വിദ്യാർത്ഥികളും പഠനം നിറുത്തിപോയി. കൂടാതെ കഴിഞ്ഞ വർഷത്തെ ഫീസ് പോലും പലരും ഇതുവരെ നൽകിയിട്ടില്ല.

- ജി.എസ്. വിനോദ്, ഉടമ, ശക്തി കോളേജ് പാലക്കാട്