school
school

 പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം

 സ്കൂളുകളും അധിക ബാച്ചുകളും വേണമെന്ന് ആവശ്യം

പാലക്കാട്: എസ്.എസ്.എൽ.സി വിജയിച്ച 25 ശതമാനം വിദ്യാർത്ഥികളും തുടർപഠനത്തിന് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരും. എസ്.എസ്.എൽ.സിക്ക് ഇക്കുറി ജില്ലയിൽ ചരിത്രവിജയമായിരുന്നു, 99.35%. ഇതോടെ പ്ലസ് വണ്ണിന് ആഗ്രഹിച്ച കോഴ്സ് കിട്ടുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഈ സാഹചര്യത്തിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്നാണ് ആവശ്യം.

38,985 പേർ പരീക്ഷയെഴുതിയതിൽ 38,518 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ, ഇത്രയും കുട്ടികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകൾ ജില്ലയിലില്ല. 131 സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായി ആകെ 483 ബാച്ചുകളും 24,150 പ്ലസ് വൺ സീറ്റുകളും മാത്രമാണുള്ളത്. 20% ആനുപാതികമായി വർദ്ധിപ്പിച്ചാലും 28,980 സീറ്റുകൾ മാത്രമേ പൊതുവിദ്യാലയങ്ങളിലുണ്ടാകൂ. സി.ബി.എസ്.ഇ ഫലംകൂടി പുറത്തുവന്നാൽ സീറ്റ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

പൊതുവിദ്യാലയങ്ങളിൽ രണ്ടെണ്ണം കേൾവി പരിമിതർക്കുള്ള സ്പെഷൽ സ്‌കൂളും നാലെണ്ണം ആദിവാസി, പട്ടികജാതി വിഭാഗങ്ങൾക്കുള്ള റെസിഡൻഷ്യൽ സ്‌കൂളുകളുമാണ്. 24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഭാരിച്ച ഫീസ് നൽകി പഠിക്കുകയെന്നത് നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രയാസകരമാകും. പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകളോ അധിക ബാച്ചുകളോ അനുവദിച്ചാൽ മാത്രമേ പരിഹാരമാകൂ.

തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിൽ സീറ്റില്ലാതെ വിദ്യാർത്ഥികൾ പുറത്തിരിക്കുന്നത്. ഇത്തവണ 9083 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. ഇവർക്കുപോലും തുടർപഠനത്തിന് വീടിന് സമീപമുള്ള സ്‌കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിന് പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യതയില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി 20% സീറ്റുകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഈ വർഷവും ഇത് ഉണ്ടാകുമെന്നാണ് സൂചന. കുട്ടികളുടെ എണ്ണം കൂടുമ്പോൾ അദ്ധ്യാപകർക്ക് ശ്രദ്ധിക്കാൻ കഴിയാതാകുന്നുവെന്ന ആശങ്കയുമുണ്ട്. അതേസമയം, 25 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 69 ബാച്ചുകളിലായി 2070 കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുമെന്നത് ആശ്വാസമാണ്.

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത് - 38,518

പൊതുവിദ്യാലയങ്ങളിലെ പ്ലസ് വൺ സീറ്റ് - 24,150

20% വർദ്ധിപ്പിച്ചാൽ ലഭിക്കാവുന്ന സീറ്റുകൾ - 28,980

മൊത്തം സ്കൂളുകൾ - 131

ബാച്ചുകൾ - 483

സയൻസ്- 228

ഹ്യുമാനിറ്റീസ് - 111

കോമേഴ്സ് - 144

സ്കൂളുകൾ -24

ബാച്ചുകൾ - 83

സീറ്റുകൾ - 4117

സ്കൂളുകൾ -25

ബാച്ചുകൾ - 69

സീറ്റുകൾ - 2070