commision
ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മിഷൻ സിറ്റിംഗ്

പാലക്കാട്: സ്ത്രീധന പീഡന കേസുകൾ ഗൗരവമായി കാണുമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മിഷൻ സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭർത്താവും കുടുംബവും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം നടത്തിയെന്ന 25കാരിയുടെ പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷൻ.

80 പവനോളം സ്വർണം നൽകിയാണ് രണ്ടുവർഷം മുമ്പ് വിവാഹം നടത്തിയത്. ആർത്തവ സമയത്ത് നിലത്തുകിടത്തുക, മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യപ്പെടുത്തി കളിയാക്കുക, ശാരീരികമായി മുറവേൽപ്പിക്കുക തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾ ഇക്കാലയളവിലുണ്ടായെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവ്, ഭർത്താവിന്റെ അമ്മ, സഹോദര ഭാര്യ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി. ഇവരുടെ പരാതിയന്മേൽ ചവറ പൊലീസിനോട് വനിതാ കമ്മിഷൻ റപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റിംഗിൽ ഭർത്താവിന്റെ അമ്മയോടും സഹോദര ഭാര്യയോടും ഹാജരാകാൻ കമ്മിഷൻ ആവശ്യപ്പെട്ടു.

സ്വത്ത് സംബന്ധമായ കേസുകളും കമ്മിഷൻ പരിഗണിച്ചു. ആകെ 50 കേസുകളാണ് പരിഗണിച്ചത്. 18 കേസുകൾ തീർപ്പാക്കി. രണ്ട് കേസുകളിൽ റപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസുകൾ കൂടുതൽ നിയമസഹായത്തിനായി ഡെൽസക്കു അയച്ചു. തിരക്ക് ഒഴിവാക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടങ്ങളിലായി 25 കേസുകൾ വീതമാണ് പരിഗണിച്ചത്.

വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ യു.വി. കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ പ്രസന്ന, അഞ്ജന, രാധിക, കൗൺസിലറായ ഡിംപിൾ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.