പാലക്കാട്: ചന്ദ്രനഗറിലെ മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ സ്‌ട്രോംഗ് റൂം കുത്തിത്തുറന്ന് ഏഴര കിലോ സ്വർണവും 18,000 രൂപയും കവർച്ച ചെയ്തു. വെള്ളിയാഴ്ച അടച്ച ബാങ്ക് തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ദേശീയപാത ബൈപ്പാസ് റോഡരികിലെ സഹകരണ ബാങ്കിൽ നടന്ന വൻകവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്നാണ് നിഗമനം.
രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ബാങ്ക്. ഗോവണിയിലെ അഴിയിലെ പൂട്ട് അറുത്തുമാറ്റിയാണ് കയറിയത്. ചുവരിൽ ഘടിപ്പിച്ചിരുന്ന അലാറം പ്രവർത്തന രഹിതമാക്കി. സ്വിച്ച് ബോർഡിൽ തകരാർ വരുത്തി വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. വാതിൽ ഭാഗത്തെ ഷട്ടറിന്റെയും ഉള്ളിലെ ഷട്ടറിന്റെയും പൂട്ടുകൾ തകർത്താണ് ബാങ്കിൽ കടന്നത്.
അകത്ത് സ്‌ട്രോംഗ് റൂമിന്റെ ഇരുമ്പ് വാതിൽ ഡ്രില്ലർ ഉപയോഗിച്ച് തകർത്തു. വാതിലിലെ ഇരുമ്പ് അഴികൾ മുറിച്ചുമാറ്റിയാണ് സ്‌ട്രോംഗ് റൂമിലേക്ക് കയറിയത്. അതിനുള്ളിലെ അലമാര കുത്തിത്തുറന്നാണ് പണയ സ്വർണം കവർന്നത്. ആകെ ഏഴരക്കിലോ സ്വർണമാണ് സൂക്ഷിച്ചിരുന്നതെന്ന് ബാങ്ക് സെക്രട്ടറി എസ്.ഷൈജു പറഞ്ഞു. 18,000 രൂപയും നഷ്ടപ്പെട്ടു.
ബാങ്കിനകത്ത് മൂന്ന് കാമറയും പുറത്ത് ഒരു കാമറയും പ്രവർത്തനക്ഷമമായിരുന്നെങ്കിലും അതിന്റെ ഡി.വി.ആറും, ഹാർഡ് ഡിസ്‌കും കവർച്ചക്കാർ കൊണ്ടുപോയി.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും, സയന്റിഫിക്, വിരലടയാള വിദഗ്ദ്ധരും തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം രാത്രി ബാങ്കിന് സമീപം ഒരു കാർ നിറുത്തിയിട്ടിരുന്നതായി സൂചനയുണ്ട്. ഈ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നാണ് വിവരം.