പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഇ- കിയോസ്‌ക് സംവിധാനം ആരംഭിക്കുന്നു. സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായാണ് നടപടി. ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും ഇ- കിയോസ്‌ക് സെന്ററുകൾ തുടങ്ങും.
ലൈസൻസ് പുതുക്കൽ, വാഹന നികുതി അടയ്ക്കൽ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇതുവഴി ലഭ്യമാകും. 90% സേവനങ്ങളും ഓണലൈനായതോടെ ജനങ്ങൾ അക്ഷയകേന്ദ്രം, ഇ- സേവാകേന്ദ്രം എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ മറ്റ് സർക്കാർ, വിദ്യാഭ്യാസ, ഇതര സേവനങ്ങളും നൽകുന്നതിനാൽ മിക്കപ്പോഴും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇ- കിയോസ്‌കുകൾ മുഖേന മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ മാത്രമാകും ലഭ്യമാകുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംവിധാനം ആരംഭിക്കുന്നതോടെ അതത് പഞ്ചായത്ത് പരിധിയിൽ നിന്നുതന്നെ സേവനം ലഭ്യമാകും.
ഇതോടെ ഹെഡ് ഓഫീസിലേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കാം. കൊവിഡ് പശ്ചാത്തലത്തിൽ ഏറെ ഗുണപ്രദമാകും സംവിധാനം. ഇ- കിയോസ്‌ക് സംവിധാനം ഒരുക്കുന്നതിന് സർക്കാരാണ് സാമ്പത്തിക സഹായം നൽകുന്നത്. സേവനങ്ങൾ നൽകുന്നതിനായി റോഡ് അപകടങ്ങൾക്ക് ഇരയായവരെയോ അവരുടെ അഭാവത്തിൽ ഭിന്നശേഷിക്കാരെയോ പരിഗണിക്കും. ഇത്തരക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരും 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതി ഉള്ളവരോ ആയിരിക്കണം. ജൂലായ് 31 വരെ അപേക്ഷ സമർപ്പിക്കാം.
-പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തി പട്ടിക തയ്യാറാക്കി സർകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകും. പദ്ധതിക്ക് സാമൂഹിക ക്ഷേമവകുപ്പിന്റെ സഹകരണം കൂടി തേടും.
- സി. മോഹനൻ, ജോയിന്റ് ആർ.ടി.ഒ, പാലക്കാട്