sivarajan
ശിവരാജൻ

കൊല്ലങ്കോട്: മീങ്കരഡാമിൽ മീൻ പിടിക്കാനെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിനിയിൽ പി. ശിവരാജനെ(29) ആണ് തിങ്കളാഴ്ച രാവിലെ മീങ്കര ഡാമിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. ശിവരാജനും സുഹൃത്ത് ദിലീപും ചേർന്ന്
അണക്കെട്ടിന്റെ കിഴക്ക് ഹരേകൃഷ്ണ തോപ്പ് ഭാഗത്ത് ശനിയാഴ്ച രാത്രി ഏഴോടെ വലയിട്ടുവച്ചിരുന്നു.

വലയെടുക്കാൻ രാത്രി പതിനൊന്നോടെ വന്നപ്പോൾ മീങ്കര മത്സ്യ സഹകരണ സംഘത്തിലെ ജീവനക്കാരെ കണ്ട് ദിലീപ് ഓടി വീട്ടിലെത്തി. ശിവരാജനും ഓടി വീട്ടിൽ എത്തിയിരിക്കാമെന്ന് കരുതിയതായാണ് പൊലീസിന് മൊഴി ദിലീപ് നൽകിയ മൊഴി. എന്നാൽ ശിവരാജൻ വീട്ടിൽ എത്താത്തതിനാൽ ഡാമിൽ അകപ്പെട്ടിരിക്കാമെന്ന് കരുതി കൊല്ലങ്കോട്‌ പൊലീസ് അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് അഗ്‌നി ശമനസേന അസി. സ്റ്റേഷൻ ഓഫീസർ ആർ. രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെ കൊല്ലങ്കോട്‌ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ശിവരാജന്റെ മൃതശരീരം ഡാമിലെ വെള്ളത്തിൽ പൊന്തിയ നിലയിൽ കണ്ടത്. മൃതശരീരം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ അയക്കുന്നതിനിടെ ശിവരാജന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അര മണിക്കൂറോളം പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും ഉപരോധിച്ചു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതായി ആരോപിച്ചായിരുന്നു ഉപരോധം.

തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധന നടത്തിയശേഷം മാത്രമേ ദുരൂഹത പറയാനാകൂ എന്ന നിലപാടിലാണ് പൊലീസ്. പഴണിസ്വാമിയാണ് മരിച്ച ശിവരാജന്റെ പിതാവ്. അമ്മ: വേലാത്താൾ. ഭാര്യ: വിനീത. സഹോദരൻ: തങ്കരാജ്.