ചെർപ്പുളശ്ശേരി: നടൻ ജയറാം സമ്മാനിച്ച സൈക്കിളിൽ പ്രകൃതി സംരക്ഷണ സന്ദേശ യാത്രയ്ക്കൊരുങ്ങി പരിസ്ഥിതി പ്രവർത്തകനും അടയ്ക്കാപുത്തൂർ സംസ്‌കൃതിയുടെ സാരഥിയുമായ രാജേഷ് അടയ്ക്കാപുത്തൂർ. കേരള വനംവന്യജീവി വകുപ്പ്, പാലക്കാട് സാമൂഹിക വനവത്കരണ വിഭാഗം, അടയ്ക്കാപുത്തൂർ സംസ്‌കൃതി എന്നിവ സംയുക്തമായാണ് പ്രകൃതി സംരക്ഷണ ദിനമായ ഇന്ന് ഏകദിന പ്രകൃതിസംരക്ഷണ സന്ദേശ സൈക്കിൾ യാത്ര നടത്തുന്നത്.
വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നിന്നും ആരംഭിച്ച് സാഹിത്യകാരൻ ഒ.വി. വിജയന്റെ സ്മാരകമായ പാലക്കാട് തസ്രാക്കിൽ എത്തുകയും, അവിടെ ചെറിയ വിശ്രമ ഇടവേളയ്ക്കുശേഷം തിരിച്ച് ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ അവസാനിപ്പിക്കുന്ന വിധമാണ് യാത്രയുടെ ക്രമീകരണം. 120 ഓളം കിലോമീറ്റർ ദൂരം ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജേഷിനെ കൂടാതെ വിവിധ ക്ലബ് അംഗങ്ങളും വിദ്യാർത്ഥികളും ഈ സൈക്കിൾ യാത്രയിൽ പങ്കാളികളാകും.
എന്നാൽ ഒരു ദിവസത്തിൽ ഒതുക്കാതെ ഈ സൈക്കിൾ യാത്ര തന്റെ ജീവിതത്തിൽ ആഴ്ചയിലൊരിക്കൽ നിർബന്ധമായി തുടരാനാണ് രാജേഷിന്റെ തീരുമാനം. പ്രകൃതിക്കിണങ്ങി ജീവിക്കുക, സൈക്കിൾ യാത്രയിലൂടെ ഏവർക്കും സ്വീകരിക്കാവുന്ന വ്യായാമമുറ ശീലമാക്കുക, അതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ഉയർന്നു വരുന്ന അന്തരീക്ഷ മലിനീകരണത്തിന് ഒരോരുത്തരും തന്നാലാവുന്ന രീതിയിൽ പ്രതിരോധിക്കുക, കുതിച്ചുയരുന്ന ഇന്ധനവിലയെ കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയ സന്ദേശങ്ങൾ പൊതുസമൂഹത്തിലും വിദ്യാർത്ഥികളിലുമെത്തിക്കുക എന്ന ദൗത്യമാണ് സൈക്കിൾ യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രാജേഷ് അടക്കാപുത്തൂർ പറഞ്ഞു.
പത്ത് വർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിൽ രാജേഷിന്റെ രണ്ടുകാലുകൾക്കും പൊട്ടലേറ്റിരുന്നു. കാലുകളിൽ റാഡിട്ട് ഇപ്പോഴും ചികിത്സ തുടർന്നു വരുന്നുണ്ട്. ഇതെല്ലാം മറന്നാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ രാജേഷ് നിറഞ്ഞു പ്രവർത്തിക്കുന്നത്. പരിസ്ഥിതി പ്രവർത്തനം തന്റെ വ്യക്തിപരിമിതികൾക്കും, ശാരീരിക ബുദ്ധിമുട്ടുകൾക്കുമപ്പുറം ആവേശവും, ജീവിതചര്യയുമാണ് രാജേഷിന്. ഈ സൈക്കിൾ യാത്രയിലുടനീളം വൃക്ഷത്തൈ വിതരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്‌കൃതി പ്രവർത്തകരായ യു.സി. വാസുദേവൻ, എം.പി. പ്രകാശ്ബാബു, കെ.ടി. ജയദേവൻ, കെ. രാജൻ, എം. പരമേശ്വരൻ തുടങ്ങിയവരും രാജേഷിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രചോദനവുമായി ഒപ്പമുണ്ട്.