പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ശ്രീകുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്ഥാപനം ജില്ലാ ആയുർവേദ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. കോട്ടയം വിജയാപുരം സ്വദേശി ധനേഷിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്.
ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വനിത നാഡീ സംബന്ധമായും ഡിസ്‌ക് സംബന്ധമായുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുന്നുവെന്ന വ്യാജേനയാണ് രോഗികളെ ആകർഷിച്ചിരുന്നത്. പരാതിക്കാരൻ അവിടെ ഒരു മാസത്തോളം ചികിത്സിച്ച് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സർക്കാരിൽ പരാതി നൽകുയായിരുന്നു.
പരിശോധയിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു, ആയുർവേദ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരായ ഡോ. എസ്.ആർ. അദീഷ് സുന്ദർ, ഡോ. എസ്.ഡി. ശ്രീജൻ, ഡോ. എസ്. അനിജ. ജില്ലാ മെഡിക്കൽ ഓഫീസ് സൂപ്രണ്ട് കെ.സി. അലക്സാണ്ടർ, എം.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും വരുംദിവസങ്ങളിലായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.