നെന്മാറ: പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ. വിചാരണയ്ക്കായി കോടതിയിൽ ഹാജരാകാതിരുന്ന സേലം സ്വദേശികളായ പ്രതികളെ പറമ്പിക്കുളത്തു നിന്നുള്ള വനപാലകരുടെ സംഘമാണ് ചൊവ്വാഴ്ച സാഹസികമായി സേലത്ത് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
കേരള വനംവകുപ്പ് സംഘത്തിന് തമിഴ് നാട് വനംവകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ സഹായവും ലഭിച്ചു. രണ്ടു റേഞ്ച് കളിലായി മൂന്ന് കേസുകളിൽ ഉൾപ്പെട്ട 8 പ്രതികളെയാണ് ദൗത്യ സംഘം അറസ്റ്റ് ചെയ്തത്. ഏഴ് പ്രതികൾ ഒളിവിലാണ്. 2010- 11 വർഷങ്ങളിലാണ് തമിഴ്നാട്ടുകാരായ സംഘം ചന്ദനം മുറിച്ചു കടത്തിയത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ സി. അജയൻ, കെ.പി. ജിൽജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.കെ. ജിജി, എസ്. പ്രമോദ്, ബി.എസ്. സുലീഷ് കുമാർ, എൻ.ആർ. രവികുമാർ, കെ. രമേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.ജെ. ഡെവിൻ, വി.ആർ. രാഹുൽ, എസ്. സജീവ്, എം. അമൽദേവ്, കെ. രാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.