blade-mafia

കേരളം വീണ്ടും ബ്ലേഡ് മാഫിയയുടെ പിടിയിലേക്ക്. കഴുത്തറപ്പൻ പലിശയുമായി അതിർത്തി ജില്ലകളിൽ പൊലീസിനെ പേടിയില്ലാതെ കഴുകൻ കണ്ണുകളുമായി വട്ടിപ്പലിശക്കാർ റോന്ത് ചുറ്റുന്നു. ബ്ലേഡ് മാഫിയകളുടെ നി​ര​ന്ത​ര ഭീ​ഷ​ണി​യെ തുടർന്ന് പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 20 ന് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടിയും 26ന് പല്ലശ്ശന സ്വദേശി കണ്ണൻകുട്ടി കഴുത്തിൽ കുരുക്കിട്ടുമാണ് ജീവനൊടുക്കിയത് .​ കട​ബാ​ദ്ധ്യ​ത​യു​ടെ ക​ണ​ക്കു​ക​ളും ഏതുനിമിഷവും വീടും സ്ഥലവും ബ്ലേഡ്മാഫിയകൾ എഴുതിവാങ്ങുമെന്ന ഭയവുമാണ് ജീവിതമവസാനിപ്പിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിന് പിന്നി ലെ കാരണം.

1.75 ല​ക്ഷം രൂ​പ​യാ​ണ് നെ​ന്മാ​റ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നു​മാ​ത്രം കണ്ണൻകുട്ടി വാ​യ്പ​യെ​ടു​ത്തി​രു​ന്ന​ത്. മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം തി​രി​ച്ച​ട​ച്ചി​ട്ടും ഇ​വ​ർ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് തു​ട​ർ​ന്നു. ക്ര​ഷ​റി​ൽ ഡ്രൈ​വ​റാ​യ ക​ണ്ണ​ൻ​കു​ട്ടി​ക്ക്​ ലോ​ക്​​ഡൗ​ണി​ൽ തൊ​ഴി​ൽ ന​ഷ്​​ട​മാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​ന്​ മു​മ്പും ശേ​ഷ​വു​മാ​യി മ​ക​ളു​ടെ വി​വാ​ഹ​ത്തി​നും മ​കന്റെ ഗ​ൾ​ഫ് യാ​ത്ര​ക്കു​മാ​യി നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ലോക്ക് ഡൗണിനിടെ തൊഴിൽ നഷ്ടപ്പെട്ട് മ​ക​ന്​ ഗ​ൾ​ഫി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രേ​ണ്ടി വ​ന്ന​തോ​ടെ കണ്ണൻകുട്ടി കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദത്തി​ലാ​യെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.

ലോ​ക്​​ഡൗ​ണി​ൽ പ്ര​തി​സ​ന്ധി വ​ർ​ദ്ധി​ച്ച​തോ​ടെ പു​തി​യ ജോ​ലി ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നടന്നില്ല. ​മുതലും പലിശയുമാവശ്യപ്പെട്ട് ബ്ലേഡ് മാഫിയകളുടെപ്രതിനിധികൾ വീട്ടിലെത്തി ഭീ​ഷ​ണിപ്പെടുത്തുന്നത് പതിവായി. ഒ​രു വാ​യ്പ അ​ട​യ്​​ക്കാ​ൻ മ​റ്റൊ​രു വാ​യ്പ​യെ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യുന്നു. ബ്ലേ​ഡ്​ മാ​ഫി​യ വീ​ട്ടി​ലെ​ത്തി വീട്ടിലെ സ്ത്രീകളെക്കുറിച്ചും അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ്​ ഭീ​ഷ​ണി തു​ടർന്നതോടെയാണ് കണ്ണൻകുട്ടി കയറിൻ തുമ്പിൽ ജീവനൊടുക്കാൻ തീരുമാനിച്ചത്.

വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നഗരത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് 2016ലാണ് മകളുടെ വിവാഹത്തിനായി മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. പലതവണകളിലായി പത്തുലക്ഷം രൂപയോളം തിരികെ അടച്ചുവെങ്കിലും മുതലും പലിശയും കൂട്ടുപലിശയും ഉൾപ്പെടെ 20 ലക്ഷം രൂപ വേണമെന്ന് ബ്ലേഡ്മാഫിയകൾ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ചെക്കും പ്രോമിസിറി നോട്ടും ഒപ്പിട്ടുവാങ്ങുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. ലോക്ക് ഡൗണിന് ശേഷം ബ്ലേഡ് മാഫിയകളുടെ ഭീഷണി വർദ്ധിച്ചതോടെയാണ് വേലുക്കുട്ടി ആത്മഹത്യചെയ്തത്.

കാർഷിക ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ മേഖലകളിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ബ്ലേഡ് മാഫിയകൾ വിലസുകയാണ്. നിലവിൽ 26 മുതൽ 30 ശതമാനംവരെ പലിശയാണ് ഈ കൊള്ളപ്പലിശക്കാർ സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്ക് പത്തുദിവസം കൂടുമ്പോൾ പത്തുശതമാനമെന്ന തോതിൽ പലിശപ്പണം നൽകണം. ബ്ലേഡ് മാഫിയയ്ക്ക് മൂക്കുകയറിടാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പൂർണമായും നിലച്ച അവസ്ഥയിലാണ്. സർക്കാരിന്റെ ലഘു ഗ്രാമീണവായ്പ പദ്ധതിയായ 'മുറ്റത്തെ മുല്ല' വിജയകരമായിട്ടും ഗ്രാമീണർക്കിടയിൽ ബ്ലേഡിന് ഇടിവൊന്നുമുണ്ടായിട്ടില്ല. പരാതികിട്ടിയാൽ ഉടൻ നടപടിയെന്നാണ് ഇപ്പോഴും പൊലീസിന്റെ വിശദീകരണം. കുബേര എന്ന പേരിൽ പരിശോധനയില്ലെങ്കിലും വട്ടിപ്പലിശ സംബന്ധിച്ച പരാതി ലഭിച്ചാൽ മണിലെൻഡിംഗ് ആക്ട് പ്രകാരമോ പണംതട്ടിപ്പ് നടത്തിയതിനോ കേസെടുത്ത് അന്വേഷിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇനിയൊരു ജീവൻകൂടി ബ്ലേഡിൽ തട്ടി പൊലിയുന്നതിന് മുമ്പ് ഇതിന് മൂക്കുകയറിടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

 പൊന്നിൻ തിളക്കമുള്ള കുരുക്ക്

ലോ​ക്ക് ഡൗ​ണി​ൽ വ​രു​മാ​നം നി​ല​ച്ച​വ​രു​ടെ ദു​രവസ്ഥ മു​ത​ലാ​ക്കി ര​ക്ഷ​ക​രു​ടെ രൂ​പ​ത്തി​ലാ​ണ്​ ബ്ലേഡുകാരും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും എ​ത്തു​ക. ബാങ്കുകളിലേതുപോലെ നൂലാമാലകളില്ലാതെ എളുപ്പത്തിൽ പണം ലഭിക്കുമെന്നതിനാൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാർ പണം കടംവാങ്ങും.​ തിരിച്ചടവ് മുടങ്ങുന്നതോടെ പണം നൽകിയവർ ഫോണിലൂടെയും നേരിട്ടെത്തിയും ഭീഷണി മുഴക്കുമ്പോഴാണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ൾപ്പെ​ട്ട കെ​ണിയെ കുറിച്ച് തി​രി​ച്ച​റി​യുക. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​വ​ർ പ​ല​പ്പോ​ഴും അ​ടി​യ​ന്ത​ര ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യംവെച്ചാ​ണ്. സ്വ​ർ​ണ​ത്തിന്റെ വി​പ​ണി വി​ല‍യു​ടെ 90 ശ​ത​മാ​നം വ​രെ വാ​യ്പ ന​ൽ​കു​ന്ന​തി​നാ​ലും നി​മി​ഷ​നേ​രം കൊ​ണ്ട് സം​ഖ്യ ല​ഭി​ക്കു​മെ​ന്ന​തി​നാ​ലും സാ​ധാ​ര​ണ​ക്കാ​രി​ൽ ഭൂരിഭാഗം ആളുകളും പ​ണ​യം വയ്​ക്കാ​ൻ ഇപ്പോൾ ആ​ശ്ര​യി​ക്കു​ന്ന​ത് ന്യു ​ജെ​ന​റേ​ഷ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും നാ​ല് മു​ത​ൽ 14 ശ​ത​മാ​നം വ​രെ പ​ലി​ശ ഈ​ടാ​ക്കു​മ്പോ​ൾ ഇത്തരം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 24 ശ​ത​മാ​ന​ത്തി​ൽ മു​ക​ളി​ലാ​ണ് പ​ലി​ശ വാ​ങ്ങു​ന്ന​ത്. ലോ​ക്ഡൗ​ണി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര​വ​ധിയാളുകൾ സ്വ​ർ​ണ​പ​ണ​യ വാ​യ്പ​യെ‍ടു​ത്തിട്ടുണ്ട്. വാ​യ്പ​യു​ടെ കാ​ലാ​വ​ധി എ​ത്തി​യ​തോ​ടെ പ​ല ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ലേ​ല​ക്ക​ത്ത് അ​യ​ച്ച​ു തുടങ്ങി. വായ്‌പ എ​ങ്ങ​നെ തി​രി​ച്ച​ടയ്‌ക്കുമെ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ഇവ​ർ. മൈ​ക്രോ ഫൈ​നാ​ൻ​സ് വാ​യ്പ​യെ​ടു​ത്ത്​ കു​രു​ക്കി​ലാ​യ ആ​റ്​ പേ​ർ​ 2018 മേ​യി​ൽ തേ​ങ്കു​റു​ശ്ശി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

നെന്മാറയിൽ മാത്രം ഡസനോളം

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ

നെ​ന്മാ​റ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് മാത്രം ഒരു ഡ​സ​നി​ല​ധി​കം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. വ്യാ​പാ​ര​വും മ​റ്റും കൊ​വി​ഡ് ​കാ​ല​ത്ത് ന​ഷ്​​ട​ത്തിലായതോ​ടെ ഭൂ​രി​ഭാ​ഗം വ്യാ​പാ​രി​ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​ത്ത​രം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​രെ​യാ​ണ്. പ​ണം കി​ട്ടാ​തെ വ​രു​മ്പോ​ൾ ക​ട​മെ​ടു​ത്ത​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​റ്റും പ​ണ​വും പ​ലി​ശ​യും ഈ​ടാ​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ഇ​തി​നെ​തി​രെ പ​രാ​തി​പ്പെ​ട്ടാ​ൽ പോ​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കൂ​ട്ടാ​ക്കാ​റി​ല്ല. കൃ​ഷി​യും വ്യാ​പാ​ര​വും മ​റ്റും നി​ല​നി​ർ​ത്താ​നാ​യി സ​ർ​ക്കാ​ർ - അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്പ​യും മ​റ്റും ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ​ക്കാ​യു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് പ​ല​രെ​യും ഇ​ത്ത​രം സ്വ​കാ​ര്യ വാ​യ്പ സം​ഘ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​നി​ട​യാ​ക്കു​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന് ഈ​ടി​ല്ലാ​തെ എ​ത്ര തു​ക വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും. എ​ന്നാ​ൽ, ഭീ​മ​മാ​യ തു​ക​യാ​ണ് പ​ലി​ശ. പലിശ നൽകുന്നതിനായി വാങ്ങുന്ന രേഖകളൊക്കെ തമിഴ്‌നാട്ടിലെ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കുമെന്നതിനാൽ പൊലീസ് റെയ്ഡിൽനിന്ന് ബ്ളേഡുകാർ രക്ഷപ്പെടും. രണ്ടുലക്ഷം രൂപ ആവശ്യമുള്ളയാൾക്ക് അഞ്ചുലക്ഷം ബാങ്കുവഴിതന്നെ നൽകും. മുഴുവൻ പണവും പിൻവലിപ്പിച്ച് വേണ്ടപണം നൽകിയശേഷം ബാക്കി മൂന്നുലക്ഷം പലിശക്കാർതന്നെ വാങ്ങിക്കൊണ്ടു പോകും. പലിശക്കാർക്കെതിരേ പണം വാങ്ങിയയാൾ കേസുമായി പോയാൽ പണം കൈമാറിയ രേഖയാണ് ബ്ലേഡുകാർ ആദ്യം ഹാജരാക്കുക. കൊടുത്ത പണമാണ് തിരികെ ചോദിക്കുന്നതെന്ന രീതിയിൽ കാര്യങ്ങളെത്തിച്ചാൽ നടപടിയിൽനിന്ന് ഒഴിവാകുകയും ചെയ്യാം. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ബ്ളേഡു സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. തേങ്കുറിശിയിലും നെന്മാറയിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചിലയിടങ്ങളിൽ സ്ത്രീകൾ തന്നെയാണ് പലിശ പിരിക്കാനെത്തുന്നതും.

ഓപ്പറേഷൻ കുബേര സ്വാഹ

2014നും 2017നും ഇടയിൽ മാത്രം സംസ്ഥാനത്ത് 17,230 ഇടങ്ങളിൽ പരിശോധനകൾ നടത്തിയെന്നാണ് പൊലീസിന്റെ കണക്ക്. കുബേരയുടെ 'നല്ലകാലത്ത്' കേരളത്തിൽ കൊള്ളപ്പലിശ സംബന്ധിച്ചുള്ള 3,253 കേസ് രജിസ്റ്റർ ചെയ്തതായാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. ഓപ്പറേഷൻ കുബേര പുനരാരംഭിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.