school
എ.ടി.എൽ മാരത്തണിൽ ദേശീയതലത്തിൽ പ്രൊജക്ട് അവതരണത്തിന് തിരഞ്ഞെടുക്കപ്പെട്ട കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ ടീം.

ശ്രീകൃഷ്ണപുരം: നീതി ആയോഗിന്റെ കീഴിലുള്ള അടൽ ഇന്നവേഷൻ മിഷൻ കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാൻ നടത്തിയ എ.ടി.എൽ മാരത്തണിൽ കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രൊജക്ടുകൾക്ക് അംഗീകാരം. എ.ടി.എൽ (അടൽ ടിങ്കറിംഗ് ലാബ്) സ്‌കൂളുകളിൽ ഓൺ ലൈനായി നടത്തിയ മാരത്തൺ മത്സരത്തിൽ കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്. അർജുൻ കൃഷ്ണ, ആര്യക് എസ്. കയനാട്ട്, വി.എസ്. സഞ്ജയ് എന്നിവരടങ്ങിയ ടീം അവതരിപ്പിച്ച പ്രൊജക്ടിനാണ് ദേശീയ തലത്തിലേക്ക് അവതരണത്തിനുള്ള അനുമതി ലഭിച്ചത്. കേരളത്തിൽ നിന്നും ആകെ പത്തു ടീമുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

മണ്ണിലെ ജലാംശത്തിന്റെ അളവിനനുസരിച്ച് ജലസേചനം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഇറിഗേറ്റർ സംവിധാനമാണ് ഇവർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആലത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൻ റോബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരാണ് കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നത്. റോബോട്ടിക്സ്, ഇലക്‌ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. കാട്ടുകുളം സ്‌കൂളിൽ 20 ലക്ഷം രൂപയാണ് അഞ്ചു വർഷത്തെ അടൽ ടിങ്കറിംഗ് ലാബ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ആപ്പുകൾ നിർമ്മിച്ച് പ്രശസ്തനായ സി.അഭിനവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ എ.ടി.എൽ ലാബ് വഴി മികവ് തെളിയിച്ചവരാണ്.