ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിനെ തരിശു രഹിതമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശു ഭൂമിയിൽ നെൽക്കൃഷിക്ക് തുടക്കം. മോസ്‌കോ പൊട്ടച്ചിറയിൽ 15 വർഷമായി തരിശായി കിടന്നിരുന്ന പൊൻമുഖം പാടശേഖരത്തെ എട്ടേക്കറോളം സ്ഥലത്താണ് ആദ്യഘട്ടമായി കൃഷിയിറക്കുന്നത്. പാടശേഖര സമിതിയിലെ അബ്ദുൽ അസീസ്, ഹർഷാദ് തുടങ്ങിയ കർഷകരാണ് കൃഷി ചെയ്യുന്നത്.
പാടശേഖരത്ത് വിത്തിറക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഒരു ഹെക്ടറിന് 35000 രൂപയും ഉടമസ്ഥന് 5000 രൂപയും കൃഷി വകുപ്പിൽ നിന്ന് ലഭിക്കും. നെൽവിത്ത് അഞ്ചു രൂപ നിരക്കിലും ഉഴവുകൂലി ത്രിതല പഞ്ചായത്ത് സംവിധാനത്തിലും, കൃഷിക്ക് ആവശ്യമായ വളം സബ്സിഡി നിരക്കിലും നൽകുന്നുണ്ട്.
നെല്ലായ പഞ്ചായത്തിനെ മൂന്നു വർഷക്കാലം കൊണ്ട് പൂർണമായും തരിശ് രഹിതമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുടെ ആരംഭമാണിതെന്ന് അദ്ധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് പറഞ്ഞു. കൃഷി ഓഫീസർ യു.വി. ദീപ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം. ബഷീർ, പഞ്ചായത്ത് അംഗം ഗീത, പാടശേഖര സമിതി സെക്രട്ടറി മുഹമ്മദാലി എന്നിവർ പങ്കെടുത്തു.