ചെർപ്പുളശ്ശേരി: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന ആഫ്രിക്കൻ ഒച്ചു ശല്യത്തിന് പരിഹാരമായില്ല. മഴക്കാലമായതോടെ ഒച്ചുകൾ വീണ്ടും പെരുകി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. പന്നിയംകുർശ്ശി, കാവുവട്ടം, ഹൈസ്‌കൂൾ, നഗരസഭ ഓഫീസിനടുത്ത് മാലിന്യം തള്ളുന്ന യാർഡ് എന്നിവിടങ്ങളിലെല്ലാം ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിട്ടുണ്ട്.
വീടുകളുടെ മതിലിലും ചുമരിലും കിണറിലുമെല്ലാം ഇവ ഇഴഞ്ഞെത്തിയിട്ടുണ്ട്. അടുക്കളയിൽ വരെ ഇഴത്തെത്തുന്ന ആഫ്രിക്കൻ ഒച്ചുകൾ വലിയ ശല്യമാകുന്നതായി വീട്ടുകാർ പറയുന്നു. ഒച്ചുകളെ തുരത്താൻ പല വിദ്യകളും ആളുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ല. പുകയില കഷായവും വിവിധ ലായനികളും തളിച്ച് ഒച്ചുകളെ നശിപ്പിച്ചാലും ദിവസങ്ങൾക്കകം ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ഇവ ഉല്പാദിപ്പിക്കുന്നു സ്രവം ശരീരത്തിലായാൽ ചൊറിച്ചിലും മറ്റ് ശാരീരിക അസ്വസ്തതകളും അനുഭവപ്പെടുന്നതായും ആളുകൾ പറയുന്നു. കിണറിനകത്തു വരെ ചെന്നെത്തുന്ന ഒച്ചുകൾ കുടിവെള്ളം മലിനമാക്കുന്നുമുണ്ട്.
നഗരസഭയടെയും ഡി.വൈ.എഫ്.ഐ, സേവാഭാരതി തുടങ്ങിയ സംഘടനകളടെയും നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി ഒച്ചുകളെ തുരത്താൻ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്ക് ഒച്ചുകൾ വ്യാപിക്കുന്ന സ്ഥിതിക്ക് ജനങ്ങളുടെ സഹകരണത്തോടെ വീടുകളിൽ മരുന്നെത്തിച്ച് ഒച്ചുകളെ തുരത്താനുള്ള ശ്രമത്തിലാണ് നഗരസഭ. ഇക്കാര്യത്തിൽ ഫലവത്തായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചെയർമാൻ പി.രാമചന്ദ്രൻ അറിയിച്ചു.