അലനല്ലൂർ: കോഴിമാലിന്യത്തിൽ നിന്ന് എണ്ണ നിർമ്മിക്കുന്ന തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിപ്പിച്ചതിനാണ് കേസ്. ഇന്നലെ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്.
പൊട്ടിത്തെറിയിൽ അഗ്നിശമനസേനാംഗങ്ങളുൾപ്പടെ 33 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൂന്നുപേരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഫാക്ടറിക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ലെന്ന് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ. ദീപു അറിയിച്ചു.