kuthiran

വടക്കഞ്ചേരി: ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ച കുതിരാനിലെ ഇടതുതുരങ്കത്തിൽ ട്രയൽ റൺ നടന്നില്ല. ഇതോടെ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ദേശീയപാതാ അതോറിട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണമുൾപ്പെടെ തുരങ്കത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ദേശീയപാതാ അതോറിട്ടിയുടെ സുരക്ഷാവിഭാഗവും അതോറിട്ടി നിയോഗിച്ചിട്ടുള്ള സ്വതന്ത്ര ഏജൻസികളും പരിശോധനയ്ക്കുണ്ടാകും. ചൊവ്വാഴ്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പരീക്ഷണ ഓട്ടം നടത്താൻ തീരുമാനിച്ചത്.

പരിശോധന പൂർത്തിയാക്കി ദേശീയപാതാ അതോറിട്ടി അനുമതി നൽകിയാൽ തുരങ്കം തുറക്കും. ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിട്ടി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിട്ടിയുടെ ഡൽഹിയിലെ മുഖ്യ ഓഫീസിൽ നിന്നാണ് തുരങ്കം തുറക്കാനുള്ള അനുമതി ലഭ്യമാകുക. ഗതാഗതം തുടങ്ങാൻ തുരങ്കം സജ്ജമാണെന്ന് നിർമ്മാണക്കമ്പനിയായ കെ.എം.സി അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. അതേസമയം, കുതിരാനിൽ വേണ്ടത്ര സുരക്ഷാക്രീമകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുരങ്കം നിർമ്മിച്ച പ്രഗതി കമ്പനിയുടെ പ്രതിനിധി രംഗത്തെത്തിയത് ആശങ്കയുയർത്തുന്നുണ്ട്. കുതിരാൻ മലയിൽ നിന്ന് മഴവെള്ളം തുരങ്ക പാതയിലേക്ക് കുത്തിയൊഴുകാതിരിക്കാൻ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാലക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്. എന്നാൽ, തൃശൂർ ഭാഗത്തുനിന്ന് തുരങ്കത്തിന് ഉള്ളിലേക്ക് വരുന്ന ഭാഗത്തെ സുരക്ഷാ സംവിധാനത്തിൽ കരാർ കമ്പിനി തന്നെ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.

 ഉദ്ഘാടനം നീണ്ടേക്കും

ദേശീയ പാത അതോറിട്ടിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം. തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേയ്ക്കുമെന്ന് സുചന. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമ്മാണ കരാർ കമ്പനിയായ കെ.എം.സി അറിയിച്ചു. കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
തുരങ്ക നിർമാണം പൂർത്തിയായിട്ടുണ്ട് എന്നാൽ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ട്രയൽ റൺ നടത്താൻ കഴിയു. ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു.