 വഴിയോര കച്ചവടക്കാർക്ക് പുതിയ മാർഗരേഖ നടപ്പാക്കും

ചെർപ്പുളശ്ശേരി: നഗരസഭയിലെ 15-ാം വാർഡിൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന 36 കുടുംബങ്ങൾക്ക് പട്ടയം വിതരണംചെയ്യാൻ തീരുമാനമായി. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തി ഈ മാസം ആദ്യവാരം തന്നെ പട്ടയം വിതരണം ചെയ്യാൻ കഴിയുന്നവിധം നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.

ഒന്നാം വാർഡായ പടിഞ്ഞാറ്റുമുറിയിൽ അനധികൃതമായി ക്വറി പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭയ്ക്ക് ലഭിച്ച പരാതിയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് കൗൺസിലർ ഫസീലയാണ് വിഷയം ഉന്നയിച്ചത്. പരാതി ഉടൻ പൊലീസിന് കൈമാറുമെന്നും അനധികൃതമയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് തെളിഞ്ഞാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പി.രാമചന്ദ്രൻ പറഞ്ഞു.

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിനുള്ള പരിഹാരവും യോഗത്തിൽ ചർച്ച ചെയ്തു. ജനപങ്കാളിതത്തോടെ മാത്രമേ ഒച്ചുകളെ പൂർണമായും ഇല്ലാതാക്കാൻ കഴിയു എന്നും ഇതിനായി പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഒച്ചുകളെ ഇല്ലാതാക്കാനുള്ള ജൈവ കീടനാശിനി നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചാലും ഇവരെ ഉൾകൊള്ളാൻ തക്കവണ്ണം ഡി.സി.സി സെന്റർ സജ്ജമാണെന്നും ചെയർമാൻ അറിയിച്ചു.

പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ വാക്‌സിനേഷൻ മാറ്റിവെക്കണമെന്ന നിർദ്ദേശവും പ്രതിപക്ഷം യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, നിലവിൽ വാക്‌സിനേഷനിൽ 30 ശതമാനവും 18 വയസിനു 40 വയസിനും ഇടയിലുള്ളവർക്കാണ് നൽകുന്നതെന്നത് കൊണ്ട് വിദ്യാർത്ഥികൾക്ക് പ്രത്യേകമായി ഒരു ദിവസം നീക്കി വക്കാനാവില്ലെന്ന് ചെയർമാൻ പറഞ്ഞു. വഴിയോര കച്ചവടക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയും കൗൺസിലിൽ വച്ചു. ഇതിൽ തീരുമാനം മറ്റൊരു ദിവസത്തേക്ക് മാറ്റി. പത്ത് പ്രധാന അജണ്ടകളും ഒരു സപ്പ്‌ളിമെന്ററി അജണ്ടയും യോഗം ചർച്ച ചെയ്തു.