ചിറ്റൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ തമിഴ്നാടിൽ നിന്നെത്തിക്കുന്ന വിദേശ മദ്യത്തിന്റെ അനധികൃത വില്പന കള്ള് വ്യവസായത്തിന് തിരിച്ചടിയാകുന്നു. തമിഴ്‌നാട്ടിലെ വിദേശമദ്യഷാപ്പുകളിൽ നിന്നും 180 മില്ലിയുടെ ഒരു കുപ്പിക്ക് 130 രൂപ നിരക്കിൽ വാങ്ങുന്ന മദ്യം ചിറ്റൂർ മേഖലയിൽ മൂന്നിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. പ്രതിദിനം ഊടുവഴികളിലൂടെ ലോഡുകണക്കിന് മദ്യമാണ് മേഖലയിലേക്ക് എത്തിക്കുന്നത്. കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ ടി.പി.ആർ നിരക്കും കൂടുന്നതോടെ വിദേശമദ്യശാലകൾ അടച്ചിടും. അത് മുതലാക്കിയാണ് നിരവധി ചെറുസംഘങ്ങൾ തമിഴ്നാട്ടിൽ നിന്ന് മദ്യമെത്തിച്ച വില്പന നടത്തുന്നത്. നടുപ്പുണി, മീനാക്ഷിപുരം, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം മേഖലകളിൽ മദ്യലോബികൾ പിടിമുറുക്കുകയാണ്.