കോന്നി : പൊന്തനാംകുഴി കോളനിയിലെ താമസക്കാരായ 32 കുടുംബങ്ങൾക്കും പുതിയ വാസസ്ഥലം കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഇതിനായി ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽ നിന്നും അനുവദിച്ച് ഉത്തരവായതായും എം.എൽ.എ പറഞ്ഞു.
കോന്നി ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ ഉൾപ്പെട്ട പൊന്തനാംകുഴി കോളനി മണ്ണിടിച്ചിൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന പ്രദേശമാണ്. 2019 ൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മുഴുവൻ വീട്ടുകാരെയും കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്കു മാറ്റി താമസിപ്പിച്ചിരുന്നു. തുടർന്ന് അടൂർ ആർഡിഒ, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും കോളനി പ്രദേശം വാസയോഗ്യമല്ല എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.