പന്തളം: നഗരസഭയിൽ നിന്ന് വീടിന് നമ്പർ കിട്ടാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. പന്തളം കടയ്ക്കാട് കല്ലാറ്റിൽ പുത്തൻവീട്ടിൽ ഷഹാബുദ്ദീനും കുടുംബവുമാണ് നഗരസഭയിൽ നിന്നും വീട്ടു നമ്പർ ലഭിക്കാത്തത്. 12 വർഷം മുമ്പാണ് ഷഹാബുദ്ദീൻ ഇവിടെ വയൽ നികത്തിയെടുത്ത ഏഴര സെന്റ് സ്ഥലം വാങ്ങിയത്. അഞ്ചു വർഷം മുമ്പ് വീടു വയ്ക്കാൻ തുടങ്ങിയപ്പോൾ അയൽ വാസി കേസ് കൊടുത്തു. കേസ് തള്ളിപ്പോയതായി ഷഹാബുദ്ദീൻ പറയുന്നു. തുടർന്ന് വീടുപണി പൂർത്തിയാക്കി. നഗരസഭയിൽ നിന്നു കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാതെയാണ് വീടു പണി നടത്തിയത്. നഗരസഭയിൽ നിന്ന് നമ്പർ ലഭിക്കാത്തതിനാൽ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഭാര്യ സലീനയും മൂന്നു മക്കളും അടങ്ങുന്നതാണ് ഷഹാബുദ്ദീന്റെ കുടുംബം മൂത്തമകളെ വിവാഹം കഴിച്ചു വിട്ടു. വിദ്യാർത്ഥികളായ രണ്ടു മക്കൾക്കൊപ്പമാണ് താമസം. വീടിനു നമ്പരില്ലെങ്കിലും വൈദ്യുതി ലഭിച്ചതും, മുമ്പ് വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മേൽവിലാസത്തിൽ റേഷൻ കാർഡുണ്ട് എന്നതും മാത്രമാണ് ആശ്വാസം. വീടുവയ്ക്കുന്നതിനാണ് വയൽ നികത്തിയത്. അതിനാൽ നിലമെന്നതു മാറ്റി പുരയിടമാക്കി നല്‌കേണ്ടതു റവന്യൂ വിഭാഗമാണ്. ഇക്കാര്യത്തിൽ ഷഹാബുദ്ദീൻ കളക്ടർക്കു പരാതി നല്കിയിരുന്നു. ഇടയ്ക്കു വില്ലേജിൽ നിന്നും വന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തി. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. കൊവിഡ് കഴിയട്ടെ എന്ന് ആർ.ഡി.ഒയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നതായി ഷഹാബുദ്ദീന് പറയുന്നു.