കോന്നി : പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് സർക്കാർ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പ്രയോജനം ഇപ്പോഴും ജില്ലയിലെ കർഷകർക്ക് ലഭിക്കുന്നില്ല. 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്താതെ ഇടയ്ക്കിടെയുള്ള സർക്കാർ ഭേദഗതി ഉത്തരവുകളാണ് കർഷക കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. എന്നാൽ വനം മാഫിയകൾക്കും ഉദ്യോഗസ്ഥർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങൾ ഒഴികെയുള്ള ഏതൊക്കെ മരങ്ങൾ മുറിക്കുന്നതിന്, ആർക്കൊക്കെ അനുമതി നൽകാം എന്നത് സംബന്ധിച്ച് സർക്കാരിന് ഒരു ഏകീകൃത നയം ഇനിയും ഉണ്ടാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. മരംമുറിയ്ക്ക് അനുമതി നൽകേണ്ടത് വനംവകുപ്പാണോ റവന്യൂവകുപ്പാണോയെന്ന തർക്കവും നിലനിൽക്കുന്നുണ്ട്. ഇൗ വിഷയത്തിൽ തീരുമാനം വൈകുന്നതിനാൽ കർഷകർ സംയുക്തമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
കർഷകർക്ക് പ്രയോജനം ലഭിക്കാൻ
1. 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതികൾ ഉണ്ടാകണം.
2. രാജകീയ വൃക്ഷങ്ങളുടെ പട്ടിക പരിഷ്‌കരിക്കണം.
3. മരങ്ങളുടെ പട്ടിക വനം, റവന്യൂ ഉദ്യോഗസ്ഥർ
സംയുക്തമായി പരിശോധിക്കണം.
4. വീടിന്റെ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് പരിമിത എണ്ണം മരങ്ങൾ (രാജകീയ വൃക്ഷങ്ങൾ ഒഴികെ) മുറിച്ചു ഉപയോഗിക്കാനും, വില്ക്കാനുമുള്ള അവകാശം നൽകണം.