കോഴഞ്ചേരി : സമ്പൂർണ ഡിജിറ്റൽ സൗഹൃദ തിളക്കവുമായി പുന്നയ്ക്കാട് സി.എം.എസ് യു.പി.സ്‌കൂൾ. സ്മാർട്ട് ഫോണിന്റെ അഭാവത്തിൽ തുടർ പഠനം അസാദ്ധ്യമായ സ്‌കൂളിൽ പുന്നയ്ക്കാടൻസ് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സ്മാർട്ട് ഫോൺ നൽകിയാണ് ഡിജിറ്റൽ സൗഹൃദ വിദ്യാലയമാക്കി മാറ്റിയത്. പൂർവ വിദ്യാർത്ഥിയും സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ്പുമായ റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ സ്‌കൂളിനെ സമ്പൂർണ ഡിജിറ്റൽ സ്‌കൂളായി പ്രഖ്യാപിച്ചു. സ്‌കൂൾ മാനേജർ റവ.ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ.സുമോദ് സി.ചെറിയാൻ, വാർഡംഗം മിനി ജിജു ജോസഫ്, പുന്നയ്ക്കാടൻസ് വാട്‌സാപ്പ് ഗ്രൂപ്പ് പ്രതിനിധി ജോസ് ദാനിയേൽ, ചർച്ച് സെക്രട്ടറി തോമസ് കോശി, പ്രധാനാദ്ധ്യാപിക ബിറ്റി അന്നമ്മ തോമസ്, അദ്ധ്യാപകൻ എൻ.ജോൺസി മാത്യു എന്നിവർ പ്രസംഗിച്ചു.