കോഴഞ്ചേരി : കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ പൊതു ഗതാഗതം പുനരാരംഭിച്ചെങ്കിലും ഗ്രാമീണ മേഖലകളിൽ ബസ് സർവീസ് ഇല്ലാത്തത് വിദ്യാർത്ഥികളെയും പതിവ് യാത്രക്കാരെയും വലയ്ക്കുന്നു. മെഴുവേലി, ആറന്മുള, നാരങ്ങാനം, ഇലന്തൂർ , തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരാണ് പട്ടണങ്ങളിലേക്ക് എത്താൻ ഏറെയും ബുദ്ധിമുട്ടുന്നത്. ജോലിയ്ക്കും മറ്റ് പ്രധാന ആവശ്യങ്ങൾക്കും ആളുകൾ പുറത്തിറങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രാ തടസം ദുരിതമായി മാറിയിരിക്കുന്നത്. ഇരുചക്രവാഹനം ഇല്ലാത്തവരാണ് പൊതു ഗതാഗതത്തെ കൂടുതലും ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവീസ് പുനരാരംഭിച്ചെങ്കിലും സ്വകാര്യ ബസുകൾ ഇതുവരെ ഈ ഭാഗങ്ങളിൽ നിരത്തിലിറങ്ങിയിട്ടില്ല. പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും ഡിഗ്രി പരീക്ഷകളും ആരംഭിച്ച ദിവസമായിരുന്നു ഇന്നലെ. കെ.എസ്.ആർ.ടി.സി ബസുകൾ വൈകിയത് കാരണം ഇലവുംതിട്ട, മെഴുവേലി ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഓട്ടോറിക്ഷകളെയും ഇരുചക്രവാഹനങ്ങളെയും ആശ്രയിച്ചാണ് പരീക്ഷയ്ക്ക് പോയത്. ലോക് ഡൗണിന് ശേഷം ഇലവുംതിട്ട വഴി പത്തനംതിട്ട - ചെങ്ങന്നൂർ റൂട്ടിൽ 4 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിച്ചെങ്കിലും ഇന്നലെ രണ്ടു ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ കഴിയാതെ വിദ്യാർത്ഥികളെ വലച്ചതും ഇതാണ്.
കൊവിഡ് പ്രതിസന്ധി, യാത്രക്കാർ കുറഞ്ഞു
കഴിഞ്ഞ സമയങ്ങളിലെ സാമ്പത്തിക നഷ്ടത്തിന്റെ ബാദ്ധ്യത നിലനിൽക്കുന്നതും യാത്രക്കാർ കുറഞ്ഞതുമാണ് സർവീസ് തുടങ്ങാത്തതിന് കാരണമായി സ്വകാര്യ ബസ് ഉടമകൾ പറയുമ്പോൾ കൊവിഡ് പ്രതിസന്ധി തങ്ങളെയും ബാധിച്ചതായി കെ.എസ്.ആർ.ടി.സി ജീവനക്കാരും പറയുന്നു.
.....................................................
കെ.എസ്.ആർ.ടി.സി ബസുകൾ കുറവാണെങ്കിലും ഒരു ബസ് എത്താൻ വൈകിയതാണ് പരീക്ഷയ്ക്കു പോകുന്നതിന് ബുദ്ധിമുട്ടായത്. സഹപാഠിയുടെ ബന്ധു ബൈക്കിൽ കൊണ്ടു പോയതു കാരണം കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താൻ കഴിഞ്ഞു.
എൻ. വിഷ്ണു,
ഡിഗ്രി വിദ്യാർത്ഥി, ഇലവുംതിട്ട
- സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുന്നില്ല
-കെ.എസ്.ആർ.ടിസിയും ഭാഗീകം