കടമ്പനാട്: ഇഴ ജന്തുക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമായി പെരിങ്ങനാട് പുള്ളി പാറമലയിലെ കുടിവെള്ളസംഭരണ കേന്ദ്രം. ആയിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന സംഭരണ കേന്ദ്രമാണ് കാടുകയറി നശിക്കുന്നത്. ജല വിതരണം ഒട്ടും സുരക്ഷിതമല്ലാത്ത നിലയിലാണ്. പരാതിപെട്ടിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കൽ പഞ്ചായത്തിലെ പുള്ളിപ്പാറ മലയിലെ ജല അതോറിട്ടിയുടെ സംഭരണ കേന്ദ്രമാണിത്. ചിരണിക്കൽ നിന്നെത്തുന്ന ജലം മലമുകളിലുള്ള സംഭരണ കേന്ദ്രത്തിൽ സംഭരിച്ചതിന് ശേഷം അവിടെ നിന്നുമാണ് പുള്ളി പാറമലയിലെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ഇവിടെനിന്നാണ് കൊല്ലോട്ട് കോളനി, തെങ്ങിനാൽ, കോട്ടപ്പുറം , ഉള്ളൂർ മുകൾ കോളനി, തെന്നാ പറമ്പ്, പാറകൂട്ടം, കാഞ്ഞിരപ്പാറ, ഇളംപളളിൽ പുത്തൻ ചന്ത, എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. സംഭരണ കേന്ദ്രത്തിന് നാലുവശവും മതിൽ കെട്ടി തിരിച്ച് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ആർക്കുവേണമെങ്കിലും അകത്ത് കയറാമെന്നതാണ് സ്ഥിതി. കുറ്റിക്കാടുകളാണ് നിറയെ. ഉഗ്രവിഷമുള്ള പാമ്പുകളും , കാട്ടുപന്നിയും, ഈ കാടിനകത്ത് ഉണ്ടെന്ന് സമീപവാസികൾ പറയുന്നു.
സുരക്ഷാ ഭീഷണിയും
സംഭരണ കേന്ദ്രത്തിന്റെ മുകളിലെ കോൺക്രീറ്റിൽ രണ്ടടി നീളത്തിലും വീതിയിലും രണ്ട് ഭാഗത്തായി വലിയ വിടവുകളുണ്ട്. വായു സഞ്ചാരത്തിനെന്നാണ് അധികൃതർ പറയുന്നത്. ഇതിന് അടപ്പിലാത്തതിനാൽ വെള്ളത്തിലേക്ക് മാലിന്യങ്ങൾ വീഴുന്നുണ്ട്. ഇഴജന്തുക്കളും മറ്റും ചത്ത് ഇതിനുള്ളിൽ വീഴാൻ സാദ്ധ്യത ഏറെയാണ്. വലിയ സുരക്ഷാ ഭീക്ഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്.
ജനപ്രതിനിധികളും കൈയൊഴിഞ്ഞു
താൽക്കാലിക അടിസ്ഥാനത്തിലുള്ള ഓപ്പറേറ്ററാണ് ഇവിടെയുള്ളത്. വെള്ളം എത്തുമ്പോൾ വന്ന് തുറന്ന് വിടും. മേലുദ്യോഗസ്ഥർ പറയുമ്പോൾ ഓഫ് ചെയ്യുകയും ചെയ്യും . 4, 16 , 5 വാർഡുകളുടെ സംഗമ സ്ഥാനമാണിവിടെ. അതുകൊണ്ട് പഞ്ചായത്ത് ജനപ്രതിനിധികൾ എന്റെ വാർഡല്ലെന്ന് പറഞ്ഞ് ഒഴിയുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്തും വാട്ടർഅതോറിറ്റിയും
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടുകൾ വെട്ടുമ്പോഴും ഈ കുടിവെള്ള സ്രോതസിനുള്ളിലെ കാട് വെട്ടാൻ പഞ്ചായത്തധികൃതരും തയാറായിട്ടില്ല. വാട്ടർ അതോറ്റിക്ക് പ്രത്യേക ഫണ്ടില്ലെന്നാണ് അസി.എൻജിനിയറും പറയുന്നത്. കാടുവെട്ടി വൃത്തിയാക്കി സംഭരണ കേന്ദ്രത്തിന് മുകളിലെ വിടവുകൾ സ്ലാബിട്ട് മൂടി സുരക്ഷിതമാക്കിയില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യ ഏറെയാണ്.
--------------------
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. കാട്ടുമൃഗങ്ങളുടെ ശല്യമാണ്. സംഭരണ കേന്ദ്രത്തിന് യാതൊരു സംരക്ഷണവുമില്ല. അടിയന്തര നടപടി വേണം.
രതീഷ് തെന്നാ പറമ്പ്
(പ്രദേശവാസി )