rr

പത്തനംതിട്ട: ജില്ലയിൽ അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വച്ചത് 3741 പേർ. ഇന്നലെ വൈകിട്ട് വരെ മുൻഗണനാ വിഭാഗത്തിൽ നിന്നുമാറാൻ അപേക്ഷ നൽകിയവരുടെ കണക്കാണിത്. 2015 മുതൽ മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടിയ അനർഹരാണിത്. ജില്ലാ സപ്ളൈ ഒാഫീസിലേക്ക് ഇ മെയിലായും അപേക്ഷകൾ നൽകുന്നുണ്ട്. അവരുടെ കണക്കുകൂടി ചേർത്താൽ നാലായിരം കടക്കുമെന്ന് സപ്ളൈ ഒാഫീസ് അധികൃതർ പറഞ്ഞു. ഇ മെയിൽ അപേക്ഷകൾ പരിശോധിച്ചു വരുന്നതേയുള്ളൂ. അനർഹർ മുൻഗണനാ വിഭാഗത്തിൽ നിന്ന് മാറാൻ ഇൗ മാസം 15 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇതിനകം മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാകാൻ അപേക്ഷ നൽകാത്തവർക്കെതിരെ കടുത്ത പിഴയും ശിക്ഷയുമാണ് കാത്തിരിക്കുന്നത്. എന്നു മുതൽ റേഷൻ മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ചു തുടങ്ങിയോ അന്നു മുതൽ സൗജന്യമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വില നൽകേണ്ടിവരും. നിയമനടപടികളും നേരിടേണ്ടിവരും. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും ശിക്ഷ കൂടും.

കൂടുതൽ അനർഹർ റാന്നി താലൂക്കിൽ

കുറവ് മല്ലപ്പള്ളിയിൽ

-------------------

മുൻഗണനയിൽ നിന്ന് ഒഴിഞ്ഞു പോയവർ

താലക്ക് അടിസ്ഥാനത്തിൽ

കോഴഞ്ചേരി 423

തിരുവല്ല 730

അടൂർ 671

റാന്നി 871

മല്ലപ്പള്ളി 558

കോന്നി 488

മുൻഗണന വിഭാഗക്കാർ: മഞ്ഞ, പിങ്ക്, നീല കാർഡുകൾ ഉള്ളവരാണ് മുൻഗണനാ വിഭാഗക്കാർ.

മുൻഗണന വിഭാഗം കാർഡുകൾ ഉള്ള അനർഹർ: സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണമേഖല, ആദായനികുതി, 25000രൂപയിലധികം മാസ വരുമാനം ഉള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, ടാക്സി ഒഴികെ നാല് ചക്ര വാഹനം ഉള്ളവർ.

''മുൻഗണനാ വിഭാഗത്തിലായ അനർഹർ പൊതുവിഭാഗത്തിലേക്ക് മാറാൻ ഇൗ മാസം 15വരെ സമയം നീട്ടിയിട്ടുണ്ട്. അതുകഴിഞ്ഞ് അനർഹരെ കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും.

സി.വി മോഹൻകുമാർ, ജില്ലാ സപ്ളൈ ഒാഫീസർ