നാരങ്ങാനം: അഞ്ചര മീറ്റർ വീതിയിൽ ബി.എം.ബി.സി ടാറിംഗ് നടത്തുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്ന നാല് കിലോമീറ്റർ നീളമുള്ള ആലുങ്കൽ നെല്ലിക്കാലാ റോഡിന് ആവശ്യമായ വീതിയുള്ളത് കഷ്ടിച്ച് ഒരു കിലോമീറ്ററിൽ മാത്രം. മൂന്നര മീറ്റർ പോലും വീതിയില്ലാത്ത ഭാഗത്തു പോലും സംരക്ഷണഭിത്തി കെട്ടാതെയാണ് ടാറിംഗിന് ഒരുങ്ങുന്നത്. നിരവധി അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ പോലും സംരക്ഷണഭിത്തിയില്ല. 28 കലുങ്കുകളുള്ള ഈ റോഡിൽ എട്ട് കലുങ്കുകളുടെ നവീകരണം മാത്രമാണ് നടക്കുന്നത്. ആലുങ്കൽ ജംഗ്ഷന് സമീപം തട്ടാ പ്ലാക്കൽ തോടിന്റെ തകർന്നിരിക്കുന്ന കലുങ്കിന് സമീപം രൂപപ്പെട്ട കുഴി പാറമയ്ക്ക് ഉപയോഗിച്ച് മൂടിയാണ് ടാറിംഗിന് ഒരുങ്ങുന്നത്. ഇവിടെ ടിപ്പറുകൾ പോയതോടെ വീണ്ടും കുഴി രൂപപ്പെടുകയാണ്. വെള്ളപ്പാറ സ്‌കൂളിനടുത്ത് ടാറിംഗിനോട് ചേർന്ന് ഇടിഞ്ഞ ഭാഗത്ത് മണ്ണിറക്കി നിരത്തി മെറ്റലിംഗ് നടത്തിയിരിക്കുന്നു. വള്ളിക്കാലാ മുരുപ്പേൽ പടിയിലും ടാറിംഗിനോട് ചേർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞു പോയിട്ടിട്ടുണ്ട്. ഇവിടെ ടാറിംഗിനായി മെറ്റലിംഗ് നടത്തിക്കഴിഞ്ഞു. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമായിട്ടില്ല. 11കിലോമീറ്റർ ദൈർഘ്യം വരുന്ന നെല്ലിക്കാലാ ആലുങ്കൽ , മഹാണിമല വെട്ടിപ്പുറം റോഡുകൾക്കായി 10.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്ററിന് ഒരു കോടിയോളം രൂപ അനുവദിച്ചിരിക്കുന്ന റോഡിലാണ് ഗുണമേന്മയില്ലാത്ത നവീകരണം നടക്കുന്നതെന്നാണ് ആക്ഷേപം ശക്തമാണ്.
---------------
ബി.എം. ടാറിംഗ് മാത്രമാണിപ്പോൾ ചെയ്യുന്നത്. അഞ്ചര മീറ്ററിൽ കുറവുള്ള ഭാഗം ശരിയാക്കിയിട്ടെ ബി.സി ടാറിംഗ് നടത്തുകയുള്ളും.
അനിൽ കുമാർ
പി.ഡബ്‌ളിയു, എക്‌സിക്യൂട്ടീസ്റ്റ്
എൻജിനിയർ