പന്തളം: കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയിൽപ്പെടുത്തി കുളനട പഞ്ചായത്തിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗീതാദേവി .ജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിനായി കടലിക്കുന്ന് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിച്ചു നൽകും. രണ്ടിടത്ത് സ്ഥലം കണ്ടെത്തി.ബാക്കിയുള്ളവയ്ക്കും സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കും. ആയുർവേദ, ഹോമിയോ വിഭാഗങ്ങളെ ആയുഷ് പദ്ധതിയിൽ ഹെൽത്ത് ആനഡ് വെൽനെസ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പി.എം.എ വൈ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടില്ലാത്ത എല്ലാവർക്കും വീട് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും'
കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിലും പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു. കിടത്തിച്ചികിത്സ ഉൾപ്പെടെ പുനരാരംഭിക്കണമെന്ന ആവശ്യം യോഗം അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനു കൈമാറി.
എല്ലാ വാർഡുകളിലും ശുചിത്വ പരിപാലന പ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നു.
ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തി .
'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിൽ കൃഷിഭവനുമായി ചേർന്ന് സൗജന്യമായി പച്ചക്കറിവിത്തുകളും തൈകളും വിതരണം ചെയ്തു.
പൊതുശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അധികം വൈകാതെ ആരംഭിക്കും. കുളനട നിവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന വയറപ്പുഴ പാലം ഏറെ താമസമില്ലാതെ യാഥാർത്ഥ്യമാകുമെന്നും അവർ പറഞ്ഞു.