sabarimala

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വെർച്വൽ ക്യു ബുക്കിംഗ് പൊലീസിൽ നിന്ന് ദേവസ്വം ബോർഡ് ഏറ്റെടുക്കും. ഇതു സംബന്ധിച്ച് സർക്കാരിന്റെ അനുമതി ഉടനെയുണ്ടാകും. നിലവിലെ സംവിധാനത്തിൽ പിഴവുകളുണ്ടെന്ന് തീർത്ഥാടകരും ബോർഡും പരാതിപ്പെട്ടിരുന്നു. വെർച്വൽ ക്യു പാസ് ലഭിക്കുന്നവർ ഏറെയും അന്യ സംസ്ഥാന ഭക്തരാണ്. ടൂർ ഒാപ്പറേറ്റർമാർ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. കൊവിഡിന് ശേഷം ഇവർ പണം വാങ്ങി ബുക്കിംഗ് നടത്തിക്കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

ഇതോടെ മലയാളികളായ ഭക്തർക്ക് ശബരിമലയിൽ ദർശനം നടത്താൻ കഴിയുന്നില്ലെന്ന പരാതി കൂടി പരിഗണിച്ചാണ് മാറ്റം.

വെർച്വൽ ക്യൂവിന് പുതിയ സോഫ്ട് വെയർ തയ്യാറാക്കാൻ ടാറ്റ കൺസൾട്ടൻസിയെ ബോർഡ് ചുമതലപ്പെടുത്തി. നിലവിലെ വെർച്വൽ ക്യു നിർമ്മിച്ചതും ടാറ്റയാണ്. ബോർഡിന്റെ വെബ്‌സെറ്റ് വഴിയും ആപ്പ് വഴിയും തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം. അംഗീകാരം നൽകിയാൽ അടുത്ത തീർത്ഥാടന കാലത്തിന് മുമ്പ് ട്രയൽ റൺ നടത്തും.

ഒരു ദിവസം എത്രപേർക്ക് ദർശനം അനുവദിക്കണം, ഭക്തരുടെ ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യവകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

''

വെർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുവാദം ലഭിച്ചാൽ ഉടനെ നടപ്പാക്കാനാകും.
എൻ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌