തിരുവല്ല: റോഡിന്റെ ടാറിംഗ് നടത്തി പത്ത് ദിവസം തികയും മുമ്പ് പൈപ്പിടാൻ കുഴിയെടുത്ത് വാട്ടർ അതോറിട്ടി. ചെളിക്കുളമായി കിടക്കുകയാണ് ഇപ്പോഴും റോഡ്. ഇരവിപേരൂർ പോസ്റ്റ് ഒാഫീസ് - ഇടപ്രയാറ്റു കടവ് പഞ്ചായത്ത് റോഡിലാണ് ഇൗ സ്ഥിതി. ഏഴുവർഷമായി തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ പരാതിയെ തുടർന്ന് 2020 ഡിസംബറിലാണ് ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്തത്. പണിതീർന്ന് പത്ത് ദിവസം കഴിയുംമുമ്പേ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിൽ കുഴിയെടുത്തു. നാട്ടുകാർ പരാതിയുമായി എത്തിയപ്പോൾ കുഴിമൂടി കോൺക്രീറ്റ് ചെയ്യുമെന്നാണ് കരാറുകാരൻ പറഞ്ഞത്. എന്നാൽ കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ട് മൂടിയതേയുള്ളു. ഇതോടെ റോഡ് തകർന്നുതുടങ്ങി. പലതവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് റോഡിൽ ചെളികുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡിലെ വളവിൽ ഇരുചക്ര വാഹന യാത്രക്കാർ പലതവണ വഴുതിവീണ് പരിക്കേറ്റു. പലയിടത്തും കുഴികൾ രൂപപ്പെട്ടതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്.
മണ്ണ് ഇളകിക്കിടക്കുന്നതിനാൽ വാഹനങ്ങൾ പുതഞ്ഞുപോകാനും ഇടയുണ്ട്.
അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി എബി പ്രയറ്റുമണ്ണിൽ,ഖജാൻജി ദിലീപ് പണിക്കർ, വൈസ് പ്രസിഡന്റ് ഐപ്പ് വർഗീസ് എന്നിവർ അറിയിച്ചു.