റാന്നി : കലുങ്ക് ഇടിഞ്ഞ റോഡിൽ അപകടമുന്നറിയിപ്പിനായി വീപ്പകൾ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. പെരുനാട് - പെരുന്തേനരുവി റോഡിൽ അത്തിക്കയം- അറയ്ക്കമൺ- ചുട്ടിപ്പാറ റോഡ് സംഗമിക്കുന്നിടത്താണ് അപകട ഭീഷണി ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് വീപ്പകൾ സ്ഥാപിച്ചത്. അപകടം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് അവർ പറഞ്ഞു. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിന്റെ ഭാഗത്ത് വീതി കുറവാണ്. ശബരിമല പാത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ നേരത്തെ എസ്റ്റിമേറ്ര് തയ്യാറാക്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.