കോന്നി: നിർമ്മാണത്തിലെ അപാകതകളെ തുടർന്ന് കോന്നി- ചന്ദനപ്പള്ളി റോഡിന്റെ എസ്റ്റിമേറ്റ് പുന:ക്രമീകരിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെയും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനിയറുടെയും സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. പത്തനംതിട്ട റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറെ എസ്റ്റിമേറ്റ് പുനക്രമീകരിക്കുന്നതിന് ചുമതലപ്പെടുത്തി.
9.75 കോടി രൂപ ചെലവിലാണ് റോഡിന്റെ പുനർനിർമ്മാണം നടക്കുന്നത്. വള്ളിക്കോട് ഭാഗത്ത് വെള്ളക്കെട്ട് പൂർണമായും ഒഴിവാകത്തക്ക നിലയിൽ ഓട നിർമ്മിക്കേണ്ടതുണ്ട്. കൂടുതൽ തകർച്ചയുള്ള ഭാഗത്ത് റോഡ് ഇളക്കി ബി.എം ആൻഡ് ബി.സി ടാർ ചെയ്യും.ബി.സി. ടാറിംഗിന്റെ കനം മൂന്ന് സെന്റീമീറ്ററിൽ നിന്ന് നാല് സെന്റീമീറ്ററാക്കും. കോന്നി ടൗൺ മുതൽ ജോയിന്റ് ആർ.ടി. ഓഫീസ് വരെയുള്ള ഭാഗങ്ങളിലെ റോഡിലെ കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് നേരെയാക്കും. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ , എക്‌സി.എൻജിനീയർ ബി.വിനു, അസി.എക്‌സി.എൻജിനീയർമാരായ ബി.ബിനു, എസ്.റസീന, അസിസ്റ്റന്റ് എൻജിനീയർ എസ്.അൻജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.