അടൂർ : ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ദീർഘദൂര സർവീസുകളെല്ലാം പ്രധാന ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടും അടൂരിൽ അധികൃതർക്ക് അനക്കമില്ല. വൈകിട്ട് 3നുള്ള ഉദയഗിരി, രാത്രി 8.15 നുള്ള സുൽത്താൻബത്തേരി, തിരുവനന്തപുരം എന്നീ സർവീസുകൾ മാത്രമാണ് പുനരാരംഭിച്ചത്. കഴിഞ്ഞവർഷം ഒരു ഡസനോളം സർവീസുകൾ നിറുത്തലാക്കിയിരുന്നു.
ഇൗ ബസുകളെല്ലാം കായംകുളത്തെ യാർഡിലേക്ക് മാറ്റിയിരുന്നു. സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ അനുമതി വേണമെന്നാണ് ജീവനക്കാർ പറയുന്നത്.
യാത്രാക്ളേശം രൂക്ഷമായി
അരഡസനിലധികം ദീർഘദൂര സർവീസുകൾ ആരംഭിക്കാത്തതിനാൽ യാത്രാക്ളേശം ഏറെയാണ്. കൊവിഡിന്റെ സാഹചര്യത്തിൽ ബസിൽ യാത്രക്കാരെ ഇരുത്തിമാത്രമെ കൊണ്ടുപോകാനാകൂ. മറ്റു ഡിപ്പോകളിൽ നിന്ന് വടക്കൻ ജില്ലകളിലേക്ക് വരുന്ന ബസുകളിൽ പലതും സീറ്റ് നിറയെ യാത്രക്കാരുമായാണ് എത്തുന്നത്. ഇത് അടൂരിൽ നിന്നുള്ളവരുടെ യാത്ര മുടക്കും. നേരത്തെ ഉണ്ടായിരുന്ന സർവീസുകളിൽ പലതിനും അടൂരിൽ നിന്ന് സ്ഥിരം യാത്രക്കാർ ഏറെയുണ്ടായിരുന്നു.
അനുമതി കിട്ടിയതും ആരംഭിച്ചില്ല
ലോക്ക് ഡൗണിന് മുൻപ് രാവിലെ 6.10ന് അടൂരിൽ നിന്ന് തൃശൂരിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിരുന്നു. ഇത് പാലക്കാട് സൂപ്പർ ഫാസ്റ്റാക്കാനുള്ള അംഗീകാരം ലഭിച്ചെങ്കിലും ഇൗ സർവീസ് ആരംഭിക്കുന്നതിൽ ഡിപ്പോ അധികൃതർ വിമുഖത കാട്ടുകയായിരുന്നു.
നിറുത്തലാക്കിയ ദീർഘദൂര സർവീസുകൾ
രാവിലെ 10.30നുള്ള കോഴിക്കോട്,
6.15 നുള്ള എറണാകുളം,
4.10 നുള്ള ഗുരുവായൂർ,
5.50നുള്ള കൂട്ടാർ,
7.30നുള്ള ആലുവ,
7.50നുള്ള കുമളി
ഡിപ്പോയിലെ നിറുത്തലാക്കിയ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സാദ്ധ്യതകൾ ഒാപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറോട് എം.ഡി ആരാഞ്ഞിട്ടുണ്ട്.
ചിറ്റയം ഗോപകുമാർ
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ