റാന്നി : ഹൈടെക് അദ്ധ്യാപനത്തിൽ മുഴുവൻ അദ്ധ്യാപകരെയും ഉൾപ്പെടുത്തുന്നതിന് പെരുനാട് പഞ്ചായത്ത് വിദ്യാഭാസ സമിതി പദ്ധതി തയ്യാറാക്കി. സംസ്ഥാന തലത്തിലുള്ള അദ്ധ്യാപക കൂട്ടായ്മയായ ലേണിംഗ് ടീച്ചേഴ്‌സിന്റെ വിദഗ്ദ്ധരെ ഉപയോഗിച്ച് ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള അദ്ധ്യാപകർക്കാണ് ഇരുപതു മണിക്കൂർ പരിശീലനം നൽകുക. മുഴുവൻ അദ്ധ്യാപകരും ഹൈടെക് അദ്ധ്യാപന നൈപുണി നേടുന്ന ആദ്യ പഞ്ചായത്തായി പെരുനാട് മാറും. കേരളത്തിൽ ആദ്യമായി വാർഡ് വിദ്യാഭ്യാസ സമിതി രൂപീകരിച്ച പഞ്ചായത്താണ് പെരുനാട്. ഇവർക്ക് പരിശീലനം നൽകും. റേഞ്ചില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള നെറ്റ് വർക്ക് കവറേജുള്ള സ്ഥലത്ത് എത്തിച്ച് പഠനം ഉറപ്പാക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടിയ പഞ്ചായത്ത് വിദ്യാഭ്യാസമിതി യോഗം മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ. വിജയമോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. ടി. പി. കലാധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് വള്ളിക്കോട്, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ജി.സ്റ്റാലിൻ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ മനോജ് ഫിലിപ്പ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് ശ്യാം , എ.ഹരിഹരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.