റാന്നി : കാഴ്ച പരിമിതിയുള്ളതും നിരാലംബയുമായ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ വീട് വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നൽകി കൊവിഡ് കാലത്ത് മാതൃകയായി കെ.എസ്.ഇ.ബി റാന്നി - പെരുനാട് സെക്ഷനിലെ ജീവനക്കാർ. നാറാണംമൂഴി പഞ്ചായത്തിൽ മടന്തമൺ തുണ്ടുപുരയിടത്തിൽ മീനാക്ഷി 2003 മുതൽ വൈദ്യുതിയില്ലാതെ ഒറ്റമുറി വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് മെമ്പർ സന്ധ്യാ അനിൽകുമാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരുനാട് കെ.എസ്.ഈ.ബി സെക്ഷനിലെ ഓവർസിയർസി.സി അജികുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരും ഇവരെ സഹായിക്കുവാൻ മുന്നോട്ട് വരികയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട് വയറിംഗ് ചെയ്ത് അപേക്ഷ തയാറാക്കി നൽകി. അന്നേദിവസം തന്നെ വൈദ്യുതി കണക്ഷനും നൽകി ജനസേവന പ്രവർത്തനത്തിന് കെ.എസ്.ഇ.ബി പുതിയ മാതൃകയായി.ഈ ഉപഭോക്താവിന്റെ ആജീവനാന്ത വൈദ്യുതി ചാർജ് അടച്ചുകൊള്ളാമെന്ന് ഓവർസിയർസി.സി അജികുമാർ ഉപഭോക്താവിനെ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യ അനിൽ, സി.ഡി.എസ് പ്രവർത്തക കലാ സന്തോഷ്, സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ സുരേഷ് കുമാർ ഡി, സീനിയർ സൂപ്രണ്ട് അനിൽകുമാർ കെ.ആർ, സബ് എൻജിനിയർ അനൂജ് വിജയൻ, ഓവർസിയർ അജികുമാർ സി.സി, ജീവനക്കാരായ വിശ്വകുമാർ, അജികുമാർ പി.ആർ, വിനോദ് കുമാർ പി.പി , മത്തായി തോമസ് എന്നിവർ പങ്കെടുത്തു.