തണ്ണിത്തോട് : കോന്നി - കല്ലേലി - അച്ചൻകോവിൽ റോഡരികിലെ വനംവകുപ്പിന്റെ അരുവാപ്പുലം തടി ഡിപ്പോ തേക്കുകളുടെ സാമ്രാജ്യമാണ്. വനം വകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലുതാണിത്. ഏറ്റവുമധികം തടി ലേലം നടക്കുന്നതും ഇവിടെയാണ്. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867 ലാണ് കോന്നിയിലും മലയാറ്റൂരും തേക്കു പ്ലാന്റെഷനുകൾ തുടങ്ങുന്നത്. 1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവാണ് ഇവിടെ തേക്കു തോട്ടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലമ്പൂരിലെ തേക്കു തോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്റെ നേതൃത്വത്തിലായിരുന്നു തൈകൾ വച്ച് പിടിപ്പിച്ചത്. പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ. കുപ്പിൽ നിന്ന് തടികൾ എത്തിയാൽ ഒരു മാസത്തിൽ രണ്ട് ലേലമാണ് ഇവിടെ നടക്കുക. ചില മാസങ്ങളിൽ ഒരു തവണയെ ലേലം ഉണ്ടാവു. പല മാസങ്ങളിലും ഒരു കോടി രൂപയ്ക്ക് മുകളിലുള്ള ലേലം നടക്കും. തടികളെ ഇവിടെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. തേക്ക് കൂടാതെ ഇരുൾ , തേമ്പാവ്, മരുതി എന്നീ ഹാർഡ് വുഡ് ഇനത്തിൽപ്പെട്ട തടികളും സോഫ്റ്റ് വുഡ് ഇനത്തിൽപ്പെട്ട ഇലവ്, ഉറവ്, വെള്ള തടികൾ എന്നിവയുമാണ് ലേലത്തിെനെത്തുന്നത്. വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുൻപ് നട്ട തേക്കുകളാണ് തീർത്ത് വെട്ട് നടത്തുന്നത്. ഇവിടുത്തെ തേക്കുകൾക്ക് ഡിമാന്റ് കൂടുതലായതിനാൽ സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ ആളുകളെത്തുന്നു. ഇ ലേലമാണിപ്പോൾ നടക്കുന്നത്. മുൻപ് തടികൾ അട്ടിവച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവയ്ക്കുന്നത്. വാഹനങ്ങളിലെ കയറ്റിറക്ക് പണികളുമായി 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നു.
അരുവാപ്പുലം തടി ഡിപ്പോ
5 ഏക്കർ വിസ്തൃതി,
കോന്നി , മണ്ണാറപ്പാറ, നടുവത്തുമുഴി
റേഞ്ചുകളിലെ തടികൾ ലേലം ചെയ്യുന്നു
തൊഴിലാളികളുടെ എണ്ണം : 40