പന്തളം: പന്തളത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. നഗരസഭയിലെ കടയ്ക്കാട് ,തോന്നല്ലൂർ, ചേരിക്കൽ, മങ്ങാരം, പൂഴിക്കാട്, കുരമ്പാല ഭാഗങ്ങളിൽ ആരോഗ്യ വകുപ്പും ജാഗ്രത പുലർത്തുന്നു. കടയ്ക്കാട് തെരുവ് ഭാഗങ്ങളിലും രോഗികൾ കൂടുന്നുണ്ട്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ രോഗംവ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കൂടുതൽ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 45 വയസ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 30നു മുമ്പ് വാക്സിനേഷൻ നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ് സാന്നിദ്ധ്യവും പരിശോധനയും കാര്യക്ഷമമാക്കുമെന്നും അടൂർ ഡിവൈ.എസ്.പി.ബി.വിനോദ്, പന്തളം സി. ഐ.എസ് ശ്രീകുമാർ എന്നിവർ പറഞ്ഞു.